(ദ ഹിന്ദു-വിലെ എഡിറ്ററായ സ്റ്റാന്‍ലി ജോണിമാര്‍ച്ച് 2-ന് ഫേസ്‍ബുക്കില്‍ കുറിച്ചിട്ട കുറിപ്പിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ബോധികോമണ്‍സ് പ്രസിദ്ധീകരിക്കുന്നു. പരിഭാഷ തയ്യാറാക്കിയത്: പ്രതീഷ് റാണി പ്രകാശ്)
2016 ഫെബ്രുവരി 12-ന് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. "ദേശ-ദ്രോഹ പ്രവര്‍ത്തികള്‍ക്കുള്ള ഏത് തരത്തിലുള്ള പ്രേരണയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്"എന്ന് ഡല്‍ഹി പൊലീസ് റ്റ്വിറ്ററില്‍ എഴുതുകയുണ്ടായി. കനയ്യ അതാണ് ചെയ്തത് എന്ന് ദ്യോതിപ്പിക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പിന്നീട് കനയ്യയ്ക്കും ജെ.എന്‍.യു-വിനുമെതിരെ മാധ്യമങ്ങളിലെ ഒരു വിഭാഗം, പ്രത്യേകിച്ചും റ്റൈംസ് നൗവും സീ ന്യൂസും പോലെയുള്ള ചാനലുകള്‍, സംഘടിതമായ കുപ്രചരണം അഴിച്ചു വിട്ടു. ഇന്ത്യാ-വിരുദ്ധ, പാക്കിസ്ഥാന്‍-അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന കനയ്യ കുമാറിന്റെ വീഡിയോ ക്ലിപ്പുകള്‍ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തു. അര്‍ണബ് ഗോസ്വാമി തന്റെ സ്റ്റുഡിയോയില്‍ ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചുകൊണ്ടിരുന്നു. ജെ.എന്‍.യു.-വിന് വേണ്ടി നികുതിദായകരുടെ പണം ചെലവിടുന്നതിലുള്ള ഉല്‍കണ്ഠ മോഹന്‍ദാസ് പൈ, ചേതന്‍ ഭഗത്ത്, ജൂഡ് ആന്താണി ജോസഫ് തുടങ്ങിയവര്‍ പ്രകടിപ്പിച്ചു. പ്രസ്തുത വീഡിയോ സ്വപന്‍ദാസ് ഗുപ്ത റ്റ്വീറ്റ് ചെയ്തു. കനയ്യയെ തൂക്കിലിടണമെന്നും ജെ.എന്‍.യു. അടച്ചു പൂട്ടണമെന്നും സംഘികള്‍ ആക്രോശിച്ചു.
2016 ഫെബ്രുവരി 14-ന് ലഷ്കറെ തയ്ബയുടെ മേധാവി ഹഫിസ് സയീദിന്റെ പിന്തുണ ജെ.എന്‍.യു.-വിലെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു. ഹഫീസ് സയീദിന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടില്‍ നിന്നുമുള്ള ഒരു റ്റ്വീറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് രാജ് നാഥ് സിങ്ങ് ഇത് പറഞ്ഞത്. ഡല്‍ഹി പൊലിസ് ഉഷാറായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ലഷ്കറെ പിന്തുണയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കി. മന്ത്രിയുടെ അവകാശവാദം റ്റ്വീറ്റിനെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ളത് വ്യക്തമായപ്പോള്‍, തന്റെ അടുത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് തടിയൂരുവാനാണ് ശ്രമിച്ചത്. അങ്ങനെയെങ്കില്‍ എവിടെയാണ് ആ റിപ്പോര്‍ടുകള്‍? ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ക്ക് ലഷ്കറെ പിന്തുണയുണ്ടെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ വാദിച്ചിരുന്നോ? (ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത് അങ്ങനെ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടേ ഇല്ലായെന്നാണ്. "ഞങ്ങള്‍ക്കാണ് ഇപ്പോള്‍ പണി ആയിരിക്കുന്നത്. ആഭ്യന്തര മന്ത്രി തെറ്റാണ് പറഞ്ഞതെന്ന് എങ്ങനെയാണ് ഞങ്ങള്‍ക്ക് പറയുവാന്‍ കഴിയുക?")
ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത് അങ്ങനെ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടേ ഇല്ലായെന്നാണ്. "ഞങ്ങള്‍ക്കാണ് ഇപ്പോള്‍ പണി ആയിരിക്കുന്നത്. ആഭ്യന്തര മന്ത്രി തെറ്റാണ് പറഞ്ഞതെന്ന് എങ്ങനെയാണ് ഞങ്ങള്‍ക്ക് പറയുവാന്‍ കഴിയുക?" |
2016 ഫെബ്രുവരി 15-ന് ജെ.എന്‍.യു. അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും പാട്യാലാ ഹൗസ് കോടതി വളപ്പില്‍ വച്ച് വക്കീല്‍ വേഷധാരികളായ ഗുണ്ടകള്‍ അക്രമിച്ചു. അവരില്‍ പലരും ആക്രമണം അഴിച്ചു വിടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. കോര്‍ട് ഹൗസിന്റെ മുന്നില്‍ വച്ച് അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഒരു ബി.ജെ.പി. എം.എല്‍.എ. ഒരാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും ചാനലുകള്‍ സംപ്രേഷണം ചെയ്തു. ഡല്‍ഹി പൊലീസ് അനങ്ങിയില്ല. കമ്മീഷണര്‍ ബസ്സി സംഭവത്തെ നിസാരമായി തള്ളുകയാണുണ്ടായത്.
രണ്ട് ദിവസത്തിന് ശേഷം ഇതേ ഗുണ്ടകള്‍ വീണ്ടും ഇതേ സ്ഥലത്ത് അഴിഞ്ഞാടി. പൊലീസിന്റെ കണ്‍മുന്നില്‍ വച്ച് കനയ്യയെ തല്ലിച്ചതച്ചു. അക്രമണങ്ങളെ പറ്റി അന്വേഷിക്കുവാന്‍ സുപ്രീം കോടതി അയച്ച പ്രത്യേകസംഘത്തെ തെറിയഭിഷേകം നടത്തി. പ്രസ്തുത സംഭവത്തെ കണ്ണീരോടെ വിശദീകരിക്കുന്ന കനയ്യയുടെ വീഡിയോ പിന്നീട് പുറത്ത് വന്നു (ആരുടെയും മനഃസാക്ഷിയെ പിടിച്ചു കുലുക്കും ആ വീഡിയോ). കനയ്യയുടെ ജാമ്യാപേക്ഷയെ ഡല്‍ഹി പൊലീസ് എതിര്‍ക്കുകയില്ല എന്ന് അതേ ദിവസം കമ്മീഷണര്‍ ബസ്സി പറഞ്ഞു.
2016 ഫെബ്രുവരി 19-ന് വീഡിയോ ക്ലിപ്പിലെ ഒരു ഭാഗം കൃത്രിമം ആകുവാന്‍ സാധ്യതയുണ്ട് എന്ന് സ്വപന്‍ ദാസ് ഗുപ്ത എന്ന ബി.ജെ.പി. അനുകൂല പത്രപ്രവര്‍ത്തകന്‍ റ്റ്വീറ്റ് ചെയ്തു. "മനുവാദ്-സെ ആസാദി"തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കനയ്യ വിളിക്കുന്നത് കാണിക്കുന്ന യഥാര്‍ത്ഥ വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ റ്റ്വീറ്റ് വന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു സീ ന്യൂസ് പത്രപ്രവര്‍ത്തകന്‍ ജോലി രാജി വച്ചു. ജെ.എന്‍.യു. പ്രക്ഷോഭങ്ങളെ സംബന്ധിച്ചുള്ള സീ ന്യൂസ് വാര്‍ത്തകള്‍ പക്ഷപാതിത്വം നിറഞ്ഞതാണ് എന്ന് ആരോപിച്ചു കൊണ്ടാണ് അദ്ദേഹം രാജി സമര്‍പിച്ചത്. അദ്ദേഹവും അദ്ദേഹത്തിന്റെ സംഘവും എടുത്ത ഒരു വീഡിയോയിലും "പാക്കിസ്ഥാന്‍ സിന്ദാബാദ്"എന്ന മുദ്രാവാക്യം ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
I checked with responsible people. There is a part of video clip I retweeted that may be dodgy. I erred & say so openly. Larger q's remain.
— Swapan Dasgupta (@swapan55) February 19, 2016
പാട്യാല ഗുണ്ടകളുടെ നിഷ്ഠൂരതയെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഉയര്‍ന്ന് വന്നതിന് ശേഷം അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ ഒരാള്‍ കനയ്യയെ തല്ലിയെന്ന് പൊങ്ങച്ചം പറയുന്ന ഇന്ത്യാ റ്റുഡെയുടെ സ്റ്റിങ്ങ് വീഡിയോ പുറത്ത് വന്നു. അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും, മിനുട്ടുകള്‍ക്കകം അവര്‍ക്ക് ജാമ്യം ലഭിക്കുകയുണ്ടായി. ഉമര്‍ ഖാലിദും മറ്റ് ജെ.എന്‍.യു. വിദ്യാര്‍ത്ഥികളും പൊലീസിന് മുന്നില്‍ കീഴടങ്ങുകയും അവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയക്കുകയും ചെയ്തു. മുന്‍പ്രഖ്യാപനത്തില്‍ നിന്നും ഡല്‍ഹി പൊലീസ് പിന്മാറി. കനയ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. "അയാള്‍ (കനയ്യ) ജാമ്യത്തില്‍ ഇറങ്ങുകയാണെങ്കില്‍, അന്വേഷണത്തെ അത് ബാധിക്കുവാനും സാക്ഷികളെ സ്വാധീനിക്കുവാനും സാധ്യതയുണ്ട് എന്ന യുക്തമായ ആശങ്ക ഞങ്ങള്‍ക്കുണ്ട്. അയാള്‍ ഇനിയും നിയമലംഘന പ്രവര്‍ത്തികളില്‍ പങ്ക് ചേര്‍ന്നേക്കും."എന്നാണ് ബസ്സി പറഞ്ഞത്.
![]() "അര്‍ണബ് ഗോസ്വാമി ഇപ്പോഴും വാര്‍ത്ത വായിക്കുന്നുണ്ട്. സീ ന്യൂസിന്റെ വിശ്വാസ്യതയ്ക്ക് ഒരു കോട്ടവും വന്നതായറിവില്ല. സ്വപന്‍ ദാസ് ഗുപ്ത ഇപ്പോഴും സംഘപരിവാര്‍ അനുകൂല സന്ദേശങ്ങള്‍ റ്റ്വീറ്റ് ചെയ്യുന്നു. രാജ്നാഥ് സിങ്ങ് ഇപ്പോഴും കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രിയാണ്. കമ്മീഷണര്‍ ബസ്സി "അന്തസ്സോടെ"സര്‍വീസില്‍ നിന്നും വിരമിച്ചു." |
കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായിട്ടുള്ള ഒരു വീഡിയോ തെളിവും ഇല്ലായെന്നാണ് ഡല്‍ഹി പൊലീസ്, കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍, ഹൈക്കോടതിയെ ബോധിപ്പിച്ചത്. പക്ഷെ തങ്ങളുടെ പക്കല്‍ ദൃക്സാക്ഷികള്‍ [ഏ.ബി.വി.പി. അംഗങ്ങള്‍?] ഉണ്ട് എന്നവര്‍ നിലപാടെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുവാന്‍ തെളിവായി സ്വീകരിച്ച, വിവാദപരമായ ജെ.എന്‍.യു. സംഭവത്തെ പറ്റിയുള്ള, രണ്ട് വീഡിയോകള്‍ വ്യാജമാണെന്ന് ഡല്‍ഹി ഗവണ്‍മെന്റ് നിയോഗിച്ച ഫോറന്‍സിക്‍ അന്വേഷണത്തില്‍ വ്യക്തമായി. അക്രമത്തിനുള്ള ആഹ്വാനം ചെയ്യുന്നതായി കാണിക്കുന്ന ഭാഗങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെന്നാണ് ഫോറന്‍സിക്‍ ലാബ് റിപ്പോര്‍ട് പറയുന്നത്.
2016 മാര്‍ച്ച് 2-ന്, കനയ്യയെ അറസ്റ്റ് ചെയ്തിട്ട് 19 ദിവസങ്ങള്‍ക്ക് ശേഷം - മാനസികവും ശാരീരികവുമായ പീഢനത്തിന്റെയും ജയില്‍വാസത്തിന്റെയും നീണ്ട 19 ദിവസങ്ങള്‍ക്ക് ശേഷം - ദേശസ്നേഹത്തെ സംബന്ധിച്ചുള്ള ഒരു ബോളിവുഡ് പാട്ടിന്റെ അകമ്പടിയോടെയും, "ദേശദ്രോഹ"പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന ഉത്തരവോടെയും ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ആറ് മാസത്തെ ഇടക്കാല ജാമ്യം നല്‍കുകയുണ്ടായി.
അര്‍ണബ് ഗോസ്വാമി ഇപ്പോഴും വാര്‍ത്ത വായിക്കുന്നുണ്ട്. സീ ന്യൂസിന്റെ വിശ്വാസ്യതയ്ക്ക് ഒരു കോട്ടവും വന്നതായറിവില്ല 1. സ്വപന്‍ ദാസ് ഗുപ്ത ഇപ്പോഴും സംഘപരിവാര്‍ അനുകൂല സന്ദേശങ്ങള്‍ റ്റ്വീറ്റ് ചെയ്യുന്നു. രാജ്നാഥ് സിങ്ങ് ഇപ്പോഴും കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രിയാണ്. കമ്മീഷണര്‍ ബസ്സി "അന്തസ്സോടെ"സര്‍വീസില്‍ നിന്നും വിരമിച്ചു. പാട്യാലാ ഗുണ്ടകള്‍ ഡല്‍ഹിയില്‍ ഇപ്പോഴും വിനോദപരിപാടികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയായിരിക്കും. പ്രധാനമന്ത്രിയാകട്ടെ ഇപ്പോഴും പ്രസ്തുത വിഷയത്തില്‍ മൗനമവലംബിക്കുന്നു.
വീഡിയോയില്‍ കൃത്രിമം കാണിച്ചതാരെന്ന് നിയമത്തിനറിയില്ല. പാട്യാലാ ഗുണ്ടകളെ സ്പര്‍ശിക്കുവാന്‍ നിയമത്തിനു കഴിഞ്ഞേക്കില്ല. ഈ ദേശഭക്തി നാടകത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ഉപജാപകരെ പുറത്ത് കൊണ്ടുവരുവാന്‍ നിയമത്തിന് ഒരിക്കലും സാധിച്ചേക്കില്ല. ഇന്ത്യാ-വിരുദ്ധ മുദ്രാവാക്യങ്ങള്‍ ശരിക്കുമാരാണ് വിളിച്ചതെന്ന് പോലും നിയമത്തിന് അറിയില്ല. പക്ഷെ കനയ്യയുടെ മുകളില്‍ ഇപ്പോഴും രാജ്യദ്രോഹക്കുറ്റം ഉണ്ട്. ജെ.എന്‍.യു.-വിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് മുകളിലുമുണ്ട്.
നിനക്കിനിയും മനസിലായില്ലെ, വിഡ്ഢീ? ഇതാണു അവര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഭാരതം.
വീഡിയോ കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടും അത് ആഘോഷിച്ച ചാനലുകള്‍ ഇതെഴുതുന്ന നിമിഷം വരേയ്ക്കും തെറ്റ് തിരുത്തുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല. ↩