വനിതാദിനമാണ്
എന്തേലുമെഴുതണം.
കറിക്കരിയാനുണ്ട് പറ്റില്ലെന്നോ,
തുണി തിരുമ്മണം നേരമില്ലെന്നോ,
ഒന്നുമൊന്നും പറയാനാവില്ല.
പറ്റാത്ത പണിയൊന്നും
പണ്ടേ ചെയ്യാറില്ല.
വനിതാദിനമാണ്
എന്തേലുമെഴുതണം.
വാക്കുകളൊക്കെയൊലിച്ചു പോയില്ലേന്നോ,
രാവ്പുലരോളം കരച്ചിലല്ലേന്നോ,
ഒന്നുമൊന്നും പറയാനാവില്ല.
സൂര്യനുദിച്ച വെട്ടമാണ്
കണ്ണിൽ, ചുണ്ടിൽ, പകല്.
വനിതാദിനമാണ്
എന്തേലുമെഴുതണം.
രാവിലെയെന്തൊക്കെ പണിയാണെന്നോ,
കൂലിക്കെനിക്കൊരു പണിയില്ലേന്നോ,
ഒന്നുമൊന്നും പറയാനാവില്ല.
എഴുത്താണ് പണി
എഴുത്തിനാണ് കൂലി.
വനിതാദിനമാണ്
എന്തേലുമെഴുതണം.
എന്തേലുമെഴുതണമല്ലോ-
യെന്നോർക്കുമ്പോൾ,
എഴുതീട്ടുമെഴുതീട്ടു-
മെന്തായെന്നാർക്കുന്നു,
എന്തൊക്കെയെഴുതീട്ടും
പെണ്ണല്ലേന്നാർക്കുന്നു,
ഈ ലോകം മുഴുവനും
വിരൽ ചൂണ്ടി നിൽക്കുന്നു!
വനിതാദിനമാണ്...
എന്തേലുമെഴുതണം...
↧
എന്തെഴുതാൻ?
↧