Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Viewing all articles
Browse latest Browse all 224

ഇനിയും തകർക്കേണ്ട മതിൽക്കെട്ടുകൾ

$
0
0

വമ്പന്‍ കെട്ടിടങ്ങളും അതിനുള്ളിലെ വിശാലമായ ക്ലാസ്മുറികളും പൂർണ സജ്ജമായ ലബോറട്ടറികളും പച്ചപ്പുല്ലു വിരിച്ച മൈതാനങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങളുമുള്ള ആ ഒരു മതില്‍ക്കെട്ടിനുള്ളിലുള്ള ഒരു ലോകം ഏതൊരു വിദ്യാര്‍ത്ഥിയെയാണ് മോഹിപ്പിക്കാതെ ഇരിക്കുക? വില കൂടിയ കടലാസ്സില്‍ മിന്നുന്ന അക്ഷരങ്ങളില്‍ അച്ചടിച്ച "പഠിച്ചിറങ്ങും മുന്നേ മള്‍ടി നാഷണല്‍ കമ്പനികളില്‍ ഉറപ്പായ ജോലി"എന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ വീഴാത്ത മാതാപിതാക്കള്‍ എത്ര പേരുണ്ടാകും? ജനിച്ചു വീഴുന്നതിനു അടുത്ത നിമിഷം കുറിക്കപ്പെട്ടതാണ് ഒട്ടുമിക്ക കുട്ടികളുടെയും ജാതകം. ആണ്‍കുട്ടിയാണെങ്കില്‍ എഞ്ചിനീയറും പെണ്‍കുട്ടി ആണെങ്കില്‍ ഡോക്ടര്‍ എന്നും പൊതുബോധം മനസ്സില്‍ കൊണ്ട് നടക്കുന്ന മദ്ധ്യവര്‍ഗ-രക്ഷിതാക്കളെ (അതിനു മുകളില്‍ ഉള്ളവര്‍ക്ക് അതൊരു സ്റ്റാറ്റസ് സിംബല്‍ കൂടിയാണ്) കെണിയില്‍ വീഴ്ത്താന്‍ ആ ഒരു ബ്രൌഷര്‍ ധാരാളമാണ്. യാതൊരുവിധ തൊഴില്‍ നിയമങ്ങളും അംഗീകരിക്കാത്ത മള്‍ടി നാഷണല്‍ കമ്പനികളില്‍ ഒരക്ഷരം എതിര്‍ക്കാതെ അടിമപ്പണി ചെയ്യാന്‍ വിധത്തിലുള്ള കണ്ടീഷനിംഗ് ആണ് അവരുടെ തന്നെ സില്‍ബന്ധികള്‍ നടത്തുന്ന പ്രൊഫഷനല്‍ കോളേജുകളില്‍ നടക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ ചെയ്ത തെറ്റ് എന്താണെന്നു പോലും മനസ്സിലാകാതെ പിഴ ഒടുക്കേണ്ടി വരുന്ന അതിനെതിരെ ഒന്ന് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ഒരു "യുവ തലമുറ"യെ കോണ്‍സെന്ട്രെഷന്‍ ക്യംപുകളിലെന്ന പോലെ വളര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഉദ്ധേശമെന്തായിരിക്കും. ഒരു ദിവസം ജോലിക്ക് ചെല്ലുമ്പോള്‍ "ഇന്ന് മുതല്‍ നിനക്കിവിടെ ജോലിയില്ല"എന്ന മുതലാളിയുടെ വാക്കുകളെ സ്വന്തം വിധിയെന്ന് കരുതി തല താഴ്ത്തി സ്വീകരിക്കുന്ന, ഇനി അടുത്തത് നോക്കാം എന്ന് മനസ്സാല്‍ അംഗീകരിക്കുന്ന ഒരു ജോലിക്കാരനെ സൃഷ്ടിക്കുകയല്ലേ ഈ കോളേജുകള്‍ ചെയ്യുന്നത്? വ്യക്തമായ രാഷ്ട്രീയമുള്ള കൃത്യമായ സംഘടന ചട്ടക്കൂട് ഉള്ളവരാണ് സ്വാശ്രയ മാനേജ്മെന്റുകള്‍, അവര്‍ അവരുടെ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം ഒരുതരത്തിലും അനുവദിക്കില്ല എന്ന് വാശി പിടിക്കുന്നതിലെ ഇരട്ടത്താപ്പ് മനസ്സിലാക്കേണ്ടതുണ്ട്.

ഞാനെന്ത് ധരിക്കണമെന്ന്, ഞാനെന്ത് ചിന്തിക്കണമെന്ന് അടിച്ചേല്‍പ്പിക്കുന്ന മാനേജ്‌മെന്റ്കളെ അനുസരിക്കുന്ന തലമുറയെ നമ്മള്‍ തിരുത്തേണ്ടതുണ്ട്. മുഖം മറക്കാതെ മിണ്ടാന്‍ തയ്യാറാകാത്ത യുവസമൂഹത്തില്‍ നാളെ ഫാസിസം അടിച്ചേല്പ്പിക്കലുകള്‍ എളുപ്പത്തില്‍ നടപ്പിലാക്കും എന്നുറപ്പാണ്. ജിഷ്ണുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല എന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത് മാതാപിതാക്കളും വിദ്യാര്‍ത്ഥി സമൂഹവും ഉണരാന്‍ തയ്യാറാകണം. ഒറ്റക്കുയര്‍ത്തുന്ന ശബ്ദങ്ങളൊന്നും ലക്ഷ്യത്തിലെത്തില്ല എന്നത്കൊണ്ട് തന്നെ സംഘടിതമായി തന്നെ ചെറുത്ത്നില്‍പ്പുകള്‍ ഉയരണം.

ജിഷ്ണുവിന്റെ മരണം ഞെട്ടലോടെ കേള്‍ക്കേണ്ടി വന്ന നീയും ഞാനും അടങ്ങുന്ന സമൂഹത്തിനും ഈ മരണത്തിനു പിന്നില്‍ വലിയൊരു പങ്കുണ്ട്. സ്വകാര്യ കോളേജുകളില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ എന്ത് കൊണ്ടാണ് ഇത്ര നാളും പുറംലോകം അറിയാതിരുന്നത് എന്നതിനെ കുറിച്ചായിരിക്കണം ആദ്യം നമ്മള്‍ ചിന്തിക്കേണ്ടത്. സ്വന്തം മുഖം മറച്ച് അഭിപ്രായം പറയേണ്ടി വരുന്ന ഒരു ജനതയെ സൃഷ്ടിച്ചത് ആരാണ്. അത് കൊണ്ട് നഷ്ടം ഉണ്ടായതും നേട്ടം കൊയ്തതും ആരാണെന്ന്‍ കൂടെ മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധ്യമില്ലാത്ത ഒരു സമൂഹത്തെയാണ് നമ്മള്‍ വളര്‍ത്തുന്നത് എന്ന്‍ സംശയമില്ലാതെ പറയേണ്ടി വരും. സ്വന്തം വ്യക്തി ജീവിതത്തിലേക്ക് അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളെ എതിര്‍ക്കേണ്ടതാണെന്ന അടിസ്ഥാന ബോധ്യം പോലും സ്വായാത്തമാക്കാത്തവരാണ് നമ്മുടെ യുവതലമുറ. അവകാശങ്ങളെ കുറിച്ച് അറിയാത്തവരെ അടിച്ചമര്‍ത്തുക എന്നത് എളുപ്പമായത്‌ കൊണ്ട് തന്നെയാണ് പല കോളേജുകളിലും ഇടിമുറികള്‍ നിലനിന്നു പോന്നത്. ഐഡി കാര്‍ഡ് ഇടാത്തത്തിനു മുതല്‍ ഒന്ന് ചിരിച്ചതിനു പോലും പിഴ അടക്കേണ്ടി വരുന്ന വിദ്യാലയങ്ങളുടെ എണ്ണം കൂടി വന്നത്.

ചിരിക്കാനോ, തിരിഞ്ഞു നോക്കാനോ, ഒരാണിനും പെണ്ണിനും തമ്മിൽ സംസാരിക്കാനോ അനുവാദമില്ലാത്ത കോളേജുകളില്‍ ഉയര്‍ന്നു വരുന്ന ശബ്ദങ്ങള്‍ വേരിലെ പിഴുതെറിയപ്പെടുന്നു. അതിനൊരുദാഹരണം മാത്രമാണ് ജിഷ്ണു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ജിഷ്ണു ശ്രമിച്ചതിനുള്ള വിരോധം തീര്‍ക്കുന്നതിനു വേണ്ടിയാണ് ഒരു വ്യാജ കോപ്പിയടിക്കല്‍ ആരോപണം മാനെജ്മെന്റ് ഉണ്ടാക്കിയതെന്ന്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുകയുണ്ടായി. വളരെ ഗൌരവത്തോടെ തന്നെ സമൂഹം ചര്‍ച്ച ചെയ്യേണ്ട കാര്യമാണത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രം നടപ്പിലാകുന്ന ഇത്തരം തിട്ടൂരങ്ങളും നിയമങ്ങളും സംഘടിതമായി തന്നെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം.

ഞാനെന്ത് ധരിക്കണമെന്ന്, ഞാനെന്ത് ചിന്തിക്കണമെന്ന് അടിച്ചേല്‍പ്പിക്കുന്ന മാനേജ്‌മെന്റ്കളെ അനുസരിക്കുന്ന തലമുറയെ നമ്മള്‍ തിരുത്തേണ്ടതുണ്ട്. മുഖം മറക്കാതെ മിണ്ടാന്‍ തയ്യാറാകാത്ത യുവസമൂഹത്തില്‍ നാളെ ഫാസിസം അടിച്ചേല്പ്പിക്കലുകള്‍ എളുപ്പത്തില്‍ നടപ്പിലാക്കും എന്നുറപ്പാണ്. ജിഷ്ണുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല എന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത് മാതാപിതാക്കളും വിദ്യാര്‍ത്ഥി സമൂഹവും ഉണരാന്‍ തയ്യാറാകണം. ഒറ്റക്കുയര്‍ത്തുന്ന ശബ്ദങ്ങളൊന്നും ലക്ഷ്യത്തിലെത്തില്ല എന്നത്കൊണ്ട് തന്നെ സംഘടിതമായി തന്നെ ചെറുത്ത്നില്‍പ്പുകള്‍ ഉയരണം. സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്തിടങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകളും, പി ടി എ അസോസിയേഷനുകളും സ്ഥാപിക്കപ്പെണം, ഇടിമുറികള്‍ ഉള്ളിടത്തേക്ക് എന്റെ മകനെയോ മകളെയോ പഠിക്കാനയക്കില്ല എന്ന്‍ ഓരോ രക്ഷകര്‍ത്താക്കളും തീരുമാനിച്ചുറക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളേജുകളുടെ അംഗീകാരം റദ്ദ് ചെയ്യാന്‍ സര്‍ക്കാരും തയ്യാറാകണം.

ജിഷ്ണു ഒരോര്‍മപ്പെടുത്തൽ മാത്രമാണ്. ഒന്നുറക്കെ കരയാന്‍ പോലും പേടിച്ചിരിക്കുന്ന ഒരായിരം ജിഷ്ണുമാര്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നോരോര്‍മപ്പെടുത്തല്‍. സൂചനകളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ചരിത്രത്തെ തിരുത്താന്‍ ഇനി ആയുധങ്ങള്‍ ശേഷിക്കാതെയാകും. താടി, മുടി, വസ്ത്രം ഇതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്, അതില്‍ കൈകടത്തുന്ന ഒരു നിലപാട് മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ അത് തല കുലുക്കി സമ്മതിക്കുന്ന ഒരു യുവത്വമല്ല, മാനേജ്മെന്റിന്റെ മുഖത്ത് നോക്കി "ഞങ്ങള്‍ താടി വളര്‍ത്തും മീശ വളര്‍ത്തും മുട്ടറ്റം മുടിയും വളര്‍ത്തും, അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങളത് ചെയ്യും"എന്ന് കൂട്ടമായി കൈ കൊട്ടിപ്പാടുന്ന ഒരു യുവത്വതെയാണ് ഈ നാട് അര്‍ഹിക്കുന്നത്.


Viewing all articles
Browse latest Browse all 224

Trending Articles