Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Viewing all articles
Browse latest Browse all 224

എന്താവണം കേരള മോഡൽ ആരോഗ്യസംവിധാനങ്ങള്‍?

$
0
0

ആരോഗ്യനയ രൂപീകരണ സംബന്ധമായി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങൾ

കുറച്ചുനാള്‍ മുന്‍പ്‌ വരെ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളായിരുന്നു. എന്നാൽ ഇന്ന്‌ ആ സ്ഥാനം പല സ്വകാര്യ ആശുപത്രികള്‍ക്കുമാണ്‌. കാലങ്ങളായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതും ആവശ്യമായ വികസനം നടപ്പാക്കാത്തതുമാണ്‌ ഇതിനു കാരണം. ഈ അവസ്ഥ മെച്ചപ്പെടുത്തേ­ണ്ടതുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളെ എയിംസ്‌ (AIIMS) നിലവാരത്തിലേക്കുയര്‍ത്തും എന്ന എൽ.ഡി.എഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം ഒരു പ്രതീക്ഷയാണ്‌.

മെഡിക്കൽ വിദ്യാഭ്യാസ മേഖല

മികച്ച അധ്യാപകരും ഡോക്റ്റര്‍മാരും വിദ്യാർത്ഥികളും ജീവനക്കാരും മികച്ച സൗകര്യങ്ങളും മികച്ച പഠന നിലവാരവും മികച്ച രോഗീ പരിചരണവും രോഗഗവേഷണങ്ങളും എല്ലാം ചേരുമ്പോഴാണ്‌ മെഡിക്കൽ കോളജ് ആശുപത്രികൾ എയിംസ്‌ പോലെ മികവിന്റെ കേന്ദ്രങ്ങളാവുന്നത്‌. അതിനായി ഡോക്റ്റര്‍മാരുടേതടക്കമുളള തസ്തികകള്‍ സൃഷ്ടിക്കണം, നിയമനങ്ങള്‍ നടത്തണം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. പ്രവേശനത്തിനുളള അടിസ്ഥാനയോഗ്യത പി.ജി. എങ്കിലുമായി നിശ്ചയിക്കണം.

1961ലെ തസ്തിക നിര്‍ണയം അനുസരിച്ചാണ്‌ 2011 വരെ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ മെഡിക്കൽ കോളേജുകളിലെ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിരുന്നതും ഒഴിവുകൾ നികത്തപ്പെടുകയും ചെയ്തിരുന്നത്. നാല്‌ കട്ടിലുകള്‍ക്ക്‌ ഒരു നേഴ്‌സ്‌, അന്നത്തെ തിരക്കിനനുസരിച്ചു സൃഷ്ടിക്കപ്പെട്ട ഡോക്‌ടര്‍ തസ്‌തികകള്‍ എന്നിങ്ങനെ ആയിരുന്നു പഴയ കണക്കുകള്‍. ഇതിൻപ്രകാരം 2011 വരെ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ 1956 ഡോക്‌ടര്‍ തസ്‌തികകള്‍ ഉ­ണ്ടായിരുന്നു. 2011നു ശേഷം ഇടുക്കി, മഞ്ചേരി, കോന്നി, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നീ മെഡിക്കൽ കോളേജുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ MBBS പ്രവേശനം ആരംഭിക്കുകയും ചെയ്‌തു. ഈ നാല്‌ മെഡിക്കൽ കോളേജുകളിലേക്കുമായി 500 ഡോക്‌ടര്‍ തസ്‌തികകള്‍ സൃഷ്ടിച്ചു എന്നാണ്‌ പറയപ്പെടുന്നതെങ്കിലും അവയിലെ 244 ഉം താത്‌കാലിക നിയമനങ്ങളായ റസിഡന്റ്‌ ഡോക്‌ടര്‍ തസ്‌തികകളായിരുന്നു. സ്ഥിരനിയമനങ്ങളുടെ തസ്‌തികയിൽ നല്ലൊരു ശതമാനം തസ്‌തികയടക്കമുള്ള സ്ഥലംമാറ്റങ്ങളായിരുന്നു. ഇതെല്ലാം കൂടി ഇന്ന്‌ ആകെ 2215 തസ്‌തികകള്‍ ആണുള്ളത്‌. ഇന്ന്‌ ഈ 2215 തസ്‌തികകളിൽ 548 ഒഴിവുകള്‍ ഉ­ണ്ട്. പാരിപ്പള്ളി, എറണാകുളം, പാലക്കാട്‌ മെഡിക്കൽ കോളേജുകളിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണീ കണക്കുകള്‍. ആകെയുള്ളതിന്റെ 20 ശതമാനത്തിലധികം തസ്തികകൾ നഴ്സിംഗ് വിഭാഗത്തിലും ഒഴിഞ്ഞു കിടക്കുകയാണ്.

ആകെ ഒഴിവുകളുടെ ഇരട്ടിയിലധികം ഡോക്ടർമാർ ഓരോ വർഷവും പിജി കഴിഞ്ഞിറങ്ങുന്നുണ്ടെങ്കിലും PSC വഴി ഒഴിവുകൾ നികത്താൻ സർക്കാരുകൾ താത്പര്യം കാണിക്കാത്തതിനാൽ ഇവിടങ്ങളിൽ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിൽ ഒരു നിയമനം പോലും നടത്തിയിട്ടില്ല. പകരം അങ്ങോട്ടേക്ക്‌ മികച്ച രീതിയിൽ പ്രവര്‍ത്തിച്ചുകൊ­ണ്ടിരുന്ന 5 മറ്റ്‌ കോളേജുകളിൽ നിന്നും സ്ഥലംമാറ്റങ്ങള്‍ നടത്തി. ചിലസ്ഥലങ്ങളിൽ പൊതു ആരോഗ്യവകുപ്പിൽ നിന്നും സ്ഥലംമാറ്റങ്ങള്‍ നടത്തി. ഇത്‌ ആ 5 മെഡിക്കൽ കോളേജുകളിലെ രോഗീപരിചരണത്തെയും അധ്യയനത്തെയും ദോഷകരമായി ബാധിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തിലെ 5 സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ 35% പിജി സീറ്റുകളുടെയും മെഡിക്കൽ കൗണ്‍സിൽ അംഗീകാരം നഷ്‌ടപ്പെട്ടു. സര്‍ജറി വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്‌ മാത്രമാണ്‌ അംഗീകാരമുള്ളത്‌. ഓ.പി. വിഭാഗത്തിൽ ഓരോ വര്‍ഷവും രോഗികളുടെ എണ്ണത്തിലുണ്ടാവുന്നര്‍ദ്ധനവ്‌ ഏകദേശം 10-15% ആണ്‌. ഐ.പി. വിഭാഗത്തിൽ ഇത്‌ 5-7% വരെയും. അതിനാൽ വര്‍ദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണമോ ജനസംഖ്യാവര്‍ദ്ധനവോ കണക്കിലെടുത്ത്‌ ഡോക്‌ടര്‍ തസ്‌തികകള്‍ വര്‍ദ്ധിപ്പിക്കേ­തു­ണ്ട് അസ്ഥിരോഗ വിഭാഗം പോലുള്ള പല വിഭാഗങ്ങളിലും ഇനി ഒരു പി.ജി. സീറ്റ്‌ പോലും കൂട്ടാന്‍ ആവില്ല എന്നതാണ്‌ അവസ്ഥ. അതിനാൽ ക്ലിനിക്കൽ വിഭാഗങ്ങളിലെ ഡോക്‌ടര്‍ തസ്‌തികകള്‍ ഇരട്ടിയിലധികമെങ്കിലും വര്‍ദ്ധിപ്പിക്കണം. അതുപോലെതന്നെ പതോളജി, മൈക്രോബയോളജി, ഫോറന്‍സിക്‌ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ തസ്‌തികകള്‍ 50% കണ്ടു വര്‍ദ്ധിപ്പിക്കണം. നിലവിലെ ഒഴിവുകളുടെയും വര്‍ദ്ധിപ്പിക്കേണ്ട ­ തസ്‌തികകളുടെ എണ്ണവും പട്ടികയായി ചേര്‍ത്തിരിക്കുന്നു.

മെഡിക്കൽ കോളേജുകളിൽ എല്ലാ ദിവസവും പല സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലും ഓ.പി. ആരംഭിച്ചിട്ടില്ല. അതിനാൽ തന്നെ അവിടങ്ങളിൽ ഓ.പി. ദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കുകള്‍ ഉ­ണ്ട്. എല്ലാ ദിവസവും ഓ.പി. ആരംഭിച്ചാൽ ഈ തിരക്ക്‌ കുറക്കാവുന്നതേയുള്ളൂ. അതിനാവശ്യമായ തസ്‌തികകള്‍ സൃഷ്ടിക്കേ­ണ്ടതും ആവശ്യമാണ്‌. അതിനാൽ തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ തസ്‌തികകള്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കണം. അത്‌ മാത്രം പോരാ, പുതിയ വിഭാഗങ്ങള്‍ ആരംഭിക്കുകകൂടി ചെയ്യേണ്ട­തു­ണ്ട്. ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ചൈൽഡ്‌ സൈക്കാട്രി, ജെറിയാട്രിക്‌ സൈക്കാട്രി, ഡീഅഡിക്ഷന്‍, പാലിയേറ്റീവ്‌കെയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആരംഭിക്കണം. രോഗികളുടെ തിരക്കനുസൃതമായി നഴ്സിംഗ് വിഭാഗത്തിലും തസ്തികകൾ സൃഷ്ടിക്കുകയും നിയമനങ്ങൾ നടത്തുകയും വേണം.

നിയമന യോഗ്യത: MBBS, PG, നേഴ്‌സിങ്‌ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക, ഗവേഷണ പഠനങ്ങള്‍ നടത്തുക, ഏറ്റവും മികച്ച തൃതീയ ചികിത്സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക്‌ നൽകുക എന്നിവയാണല്ലോ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനാൽ പ്രവേശനയോഗ്യത പി.ജി. ആയി നിജപ്പെടുത്തണം. എയിംസ്‌ പോലുളള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പി.ജി.ക്ക്‌ ശേഷം ഫെല്ലോഷിപ്പും അന്തര്‍ദേശീയ ജേര്‍ണലുകളിൽ പ്രസിദ്ധീകരണങ്ങളും നിര്‍ബന്ധമാക്കുമ്പോള്‍ നമ്മള്‍ 1960 കളിലേക്ക്‌ തിരിച്ച്‌ പോകാന്‍ നോക്കുന്നു എന്നത്‌ ഒട്ടും ആശാസ്യമല്ല.

നിയമനരീതി: ആകെയുള്ള ഒഴിവിന്റെ ഇരട്ടിയിലധികം പിജി യോഗ്യതയുള്ള ഡോക്ടർമാർ ഓരോ വർഷവും കേരളത്തിലുണ്ടാവുമ്പോഴും സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ പരീക്ഷകൾ നടത്താനോ നിയമനം നടത്താനോ PSC ക്ക് സാധിക്കുന്നില്ല. ആയിരത്തിലധികം ഡോക്റ്റർമാരാണ് ഓരോ വർഷവും പിജി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. പല വിഭാഗങ്ങളിലും 2010 നു ശേഷം ഒഴിവുകളെ കുറിച്ചുള്ള PSC അറിയിപ്പുകൾ പോലും വന്നിട്ടില്ല. ഓരോ അറിയിപ്പുകളിലും പരീക്ഷകളും അഭിമുഖവും കഴിഞ്ഞു റാങ്ക് ലിസ്റ്റ് വരെയെത്താൻ പലപ്പോഴും മൂന്നും നാലും വർഷങ്ങൾ എടുക്കുന്നു. അതിനാൽ ഈ നിയമന രീതി തന്നെ മാറ്റേണ്ടതുണ്ട്.

ഓരോ വിഭാഗത്തിലെയും ആകെയുള്ള ഒഴിവുകളിലേക്ക്‌ PSC അപേക്ഷ ക്ഷണിക്കുക. പി.ജി. പ്രവേശനപരീക്ഷാ രീതിയിൽ ഓരോ വിഭാഗത്തിനും പ്രത്യേക പരീക്ഷനടത്തുക. അവരവര്‍ പഠിച്ച വിഭാഗത്തിൽ നിന്നും തന്നെ ചോദ്യങ്ങള്‍ ചോദിക്കുക. റാങ്ക്‌ലിസ്റ്റ്‌ തയ്യാറാക്കി 6 മാസത്തിനകം നിയമനം നടത്തുക. സംവരണ തത്വങ്ങള്‍ പാലിച്ചുകൊ­ണ്ട് തന്നെ മെഡിക്കൽ കൗണ്‍സിൽ പറഞ്ഞ യോഗ്യതഉള്ളവരെ നിയമിക്കാം. നിലവിൽ PSC റാങ്ക്‌ ലിസ്റ്റിൽ ഉള്ളവര്‍ക്ക്‌ മുന്‍ഗണന കൊടുക്കണം. അതുപോലെതന്നെ നിലവിൽ PSC പരീക്ഷ കഴിഞ്ഞവര്‍ക്കും മുന്‍ഗണന നൽകുക. നിലവിൽ പിജി ചെയ്യുന്ന അവസാനവര്‍ഷക്കാര്‍ക്കും പരീക്ഷ എഴുതാന്‍ അവസരം കൊടുത്താൽ കുറച്ചുകൂടി ഉറപ്പിക്കാം സംവരണ മാനദണ്‌ഡങ്ങള്‍. പിജി ബിരുദവും DNBയും തുല്യമാണെന്ന്‌ മെഡിക്കൽ കൗണ്‍സിൽ വിലയിരുത്തിയിരിക്കുന്നതിനാൽ DNB യോഗ്യതയുള്ളവരെയും പ്രസ്‌തുത തസ്‌തികയിലേക്ക്‌ പരിഗണിക്കാം.

മെഡിക്കൽ റിക്രൂട്ട്മെന്റ്‌ ബോര്‍ഡ്‌: മെഡിക്കൽ മേഖലയിലെ നിയമനങ്ങള്‍ സുതാര്യമായും കാലതാമസമില്ലാതെയും നടപ്പിലാക്കാന്‍ മെഡിക്കൽ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ സ്ഥാപിക്കുക.

സ്ഥാനക്കയറ്റം: മെഡിക്കൽ കൗൺസിൽ മാനദണ്ഡങ്ങൾക്കനുസരിച്ചല്ല നിലവിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രമോഷൻ നൽകുന്നത്. സമയബന്ധിതമായി യോഗ്യതയുള്ള ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. മറ്റു സ്വകാര്യ മെഡിക്കൽ കോളേജുകളെ അപേക്ഷിച്ചുനോക്കിയാൽ വളരെയധികം കാലതാമസമാണ് സ്ഥാനക്കയറ്റത്തിന്. ഇതൊഴിവാക്കി ഗവേഷണങ്ങളും ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും ഉള്ള ഡോക്ടർമാരുടെ പ്രമോഷൻ യഥാസമയം നടത്തേണ്ടതുണ്ട്. പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്താൻ ഇത് മാത്രമാണ് വഴി. വർഷങ്ങളായി പ്രവേശന കേഡറിൽ നിയമനങ്ങൾ നടത്തത്തിരുന്നതാണ് ഈ ഒഴിവുകൾ ഉണ്ടാവാൻ കാരണം.

പി.ജി. സീറ്റുകളുടെ നഷ്‌ടപ്പെടുന്ന മെഡിക്കൽ കൗണ്‍സിൽ അംഗീകാരം: അസ്സോസിയേറ്റ്‌ പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ തസ്‌തികകളിലേക്കുള്ള ക്രമവിരുദ്ധമായ സ്ഥാനകയറ്റങ്ങള്‍, സീനിയര്‍ റസിഡന്റ്‌ ഡോക്‌ടര്‍മാരുടെ കുറവ്‌, ജേര്‍ണലുകളിൽ അദ്ധ്യാപകരുടെ ലേഖനങ്ങളുടെ കുറവ്‌, ലൈബ്രറിയിൽ അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെ കുറവ്‌, ക്ലിനിക്കൽ യൂണിറ്റുകളുടെ കുറവ്‌, ICU വിലെയും വാര്‍ഡുകളിലെയും സൗകര്യങ്ങളുടെ കുറവ്‌ തുടങ്ങിയ കാരണങ്ങളാൽ കേരളത്തിലെ 35% പി.ജി. സീറ്റുകളുടെ മെഡിക്കൽ കൗണ്‍സിൽ അംഗീകാരം നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളിൽ 24 മണിക്കൂറും ജോലി ചെയ്യുന്ന പി.ജി. റസിഡന്റ്‌ ഡോക്‌ടര്‍മാരാണ്‌ സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രധാന സേവനദാതാക്കള്‍. അതിനാൽ ഈ കുറവുകള്‍ പരിഹരിക്കണം.

ബോണ്ട്: സീനിയര്‍, ജൂനിയര്‍ റസിഡന്റ്‌ ഒഴിവിലേക്കുള്ള നിയമനം ബോണ്ട് വഴി മാത്രമാണ്‌ പലപ്പോഴും നടക്കുന്നത്‌. ഈ ഒഴിവുകള്‍ നികത്തുന്നതിനായി AIIMS, PGI തുടങ്ങിയവയുടെ മാതൃകയിൽ ആറുമാസം കൂടുമ്പോള്‍ കൃത്യമായ തീയതികളിൽ ഇന്റര്‍വ്യൂ നടത്തണം. ഇത്‌ DME ഓഫീസ് വഴി എല്ലാ മെഡിക്കൽ കോളേജുകളിലേക്കുമായി ഒറ്റ കൗണ്‍സിലിങ്‌ വഴി നടത്താവുന്നതാണ്‌. സീനിയര്‍ റസിഡന്റ്‌ ക്ഷാമം, ഡ്യൂട്ടി എടുക്കാന്‍ ഉള്ള ഡോക്‌ടര്‍മാരുടെ ക്ഷാമം എന്നിവ ഈ ഒഴിവുകള്‍ കാര്യക്ഷമമായി നികത്തുന്നതിലൂടെ പരിഹരിക്കാം. സര്‍ക്കാര്‍ മെഡിക്കൽ കോളേജിന്‌ പുറമെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങിയവരെയും പരിഗണിക്കാം. എങ്കിലും സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങിയവര്‍ക്ക്‌ മുന്‍ഗണന നൽകണം. ഒരു വര്‍ഷം ബോണ്ട് ചെയ്തതിന് ശേഷം തുടർന്നും ജോലിചെയ്യുന്നവരെ പ്രാത്സാഹിപ്പിക്കണം. നിലവിൽ അവര്‍ക്ക്‌ പി.ജി. ചെയ്ത സമയത്തെക്കാള്‍ കുറഞ്ഞ ശമ്പളമാണ്‌ നൽകുന്നത്. താത്‌കാലിക നിയമനങ്ങളായ ബോണ്ടിലൂടെ ഒഴിവുകള്‍ നികത്തപ്പെടാതിരിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ നിലനിന്നിരുന്നു. അതിനാൽ തന്നെ ബോണ്ട് വ്യവസ്ഥ അവസാനിപ്പിച്ചു സ്ഥിരനിയമനങ്ങള്‍ക്കായുള്ള തസ്‌തികകള്‍ സൃഷ്ടിക്കുകയാണ്‌ വേണ്ട­ത്‌. മെഡിക്കൽ ഡോക്‌ടര്‍മാരുടെ ആത്മാഭിമാനം ഉയര്‍ത്താനും അതുപകരിക്കും.

പുതിയ മെഡിക്കൽ കോളേജുകള്‍: എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകള്‍ എന്നത്‌ അനാവശ്യമാണ്‌. ഇപ്പോള്‍തന്നെ 3350 MBBS ബിരുദധാരികള്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നു­. 2006 മുതൽ 2015 വരെ 20000 ഡോക്ടർമാരാണ് ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതായത് വരുന്ന പത്ത് വർഷങ്ങൾ കൊണ്ട് കൊണ്ട് 33500 ഡോക്ടർമാർ കൂടി. ഏതാണ്ട് 700:1 ആണ്‌ നിലവിൽ കേരളത്തിലെ ജനസംഖ്യാ ഡോക്‌ടര്‍ അനുപാതം. അതുകൊ­ണ്ടുതന്നെ മെഡിക്കൽ ബിരുദധാരികളെ സൃഷ്ടിക്കുന്നതിനായി മെഡിക്കൽ കോളേജുകള്‍ ഇനിയും തുടങ്ങുന്നതിൽ അര്‍ത്ഥമില്ല. പകരം ആവശ്യമായ സ്ഥലങ്ങളിലെല്ലാം രോഗികള്‍ക്ക്‌ ഏറ്റവും നല്ല ചികിത്സ ലഭ്യമാകുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സര്‍ക്കാര്‍ മേഖലയിൽ സൃഷ്ടിക്കുകയാണാവശ്യം. എന്നാൽ വളരെ കൂടുതൽ വന-ആദിവാസി മേഖലകളുള്ള ഇടുക്കി, വയനാട്‌ എന്നീ ജില്ലകളിലും മെഡിക്കൽ സൗകര്യങ്ങള്‍ വളരെ കുറവുള്ള കാസര്‍ഗോഡും പുതിയ മെഡിക്കൽ കോളേജുകള്‍ ആരംഭിക്കുന്നതിൽ തെറ്റില്ല. ആലപ്പുഴ മെഡിക്കൽ കോളേജിന്‌ 18 കിലോമീറ്റര്‍ മാത്രം അകലെ ഹരിപ്പാട്‌ മെഡിക്കൽ കോളേജ്‌ ആരംഭിക്കേണ്ട­തില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് നിലവാരത്തിലേയ്ക്കുയർത്തേണ്ട ആവശ്യവും ഇല്ല. പരിയാരം മെഡിക്കൽ കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗതയിൽ പൂര്‍ത്തീകരിക്കേ­തു­ണ്ട്. അങ്ങിനെയെങ്കിൽ കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളിൽ ഉള്ളവര്‍ക്ക്‌ മികച്ച ചികിത്സാ സൗകര്യങ്ങള്‍ അവിടെ സജ്ജീകരിക്കാന്‍ സാധിക്കും.

അതിഥിമന്ദിരങ്ങള്‍: എല്ലാ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലും മികച്ച സൗകര്യങ്ങളോടു കൂടിയ അതിഥിമന്ദിരങ്ങള്‍ നിര്‍മ്മിക്കണം. പലപ്പോഴും, പി.ജി, MBBS പരീക്ഷയ്‌ക്കായി കേരളത്തിന്‌ പുറത്തുനിന്നും വരുന്ന പരീക്ഷകർക്കു താമസിക്കാനായി സമീപത്തുള്ള ബാര്‍ഹോട്ടലുകളിൽ റൂമെടുക്കുകയാണ്‌ പതിവ്‌. ഇതിനുള്ളചിലവുകള്‍ കുട്ടികളിൽ നിന്നുമാണ്‌ പിരിച്ചെടുക്കുന്നത്‌. പല വിഭാഗങ്ങളിലെ ചിലവുകള്‍ കൂട്ടിയാൽ ഒരുവര്‍ഷംതന്നെ 10 ലക്ഷത്തിന്‌ മുകളിൽ വരുമിത്‌, ഓരോ മെഡിക്കൽ കോളേജുകളിലും. മാത്രമല്ല മെഡിക്കൽ കൗണ്‍സിൽ പരിശോധകര്‍ക്കും മറ്റും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനും സാധിക്കും.

പെന്‍ഷന്‍ പ്രായം: സര്‍ക്കാര്‍ മേഖലയിലെ ഡോക്‌ടര്‍മാരുടെ വിരമിക്കൽ പ്രായപരിധി ഉയര്‍ത്താന്‍ പാടില്ല. പ്രവേശന കേഡര്‍ ഡോക്‌ടര്‍മാരുടെ കുറവാണ്‌ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പി. ജി. സീറ്റുകളുടെ അംഗീകാരം നഷ്‌ടമാകാന്‍ കാരണം. സമയബന്ധിതമായി പി. ജി. യോഗ്യതയുള്ള ഡോക്‌ടര്‍മാരെ നിയമിക്കുകയാണ് വേണ്ട­ത്‌. എന്നാൽ തുടര്‍ന്നും പഠിപ്പിക്കാന്‍ സന്നദ്ധരായ അദ്ധ്യാപകരെ വിസിറ്റിംഗ്‌ അദ്ധ്യാപകരായി നിയമിക്കാവുന്നതാണ്‌. പഠന-ഗവേഷണ- ചികിത്സാ വിഷയങ്ങളിൽ മാത്രമേ അവരുടെ സേവനം ഉപയോഗപ്പെടുത്താവൂ.

ഹെഡ്‌ഷിപ്പ്‌ റൊട്ടേഷന്‍: കേരളത്തിൽ മറ്റെല്ലാ മേഖലകളിലും മേധാവിമാരുടെ സ്ഥാനം നിശ്ചിത കാലാവധിക്ക്‌ ശേഷം മാറാറു­ണ്ട്. അത്‌ അതാത്‌ വിഭാഗങ്ങളെ കൂടുതൽ പ്രവര്‍ത്തന സജ്ജമാക്കും. അതിനാൽ മെഡിക്കൽ കോളേജുകളിലും ഹെഡ്‌ റൊട്ടേഷന്‍ നടപ്പാക്കണം. സേവനങ്ങള്‍ മെച്ചപ്പെടുത്താനും പരസ്‌പര ബഹുമാനവും വിശ്വാസവും മെച്ചപ്പെടുത്താനും ഇത്‌ ഉപകരിക്കും.

ഓഡിറ്റിംഗ്‌: ഓരോ ജീവനക്കാരെയും മേലധികാരികളും കീഴ്‌ജീവനക്കാരും അവരിൽ നിന്നും സേവനം കൈപ്പറ്റുന്നവരും വിലയിരുത്തണം. അതായത്‌ ഡോക്‌ടര്‍മാരെ രോഗികളും അധ്യാപകരെ വിദ്യാര്‍ത്ഥികളും വിലയിരുത്തണം. ഈ വിലയിരുത്തൽ കൂടി കണക്കിലെടുത്താവണം സ്ഥാനക്കയറ്റം നൽകേണ്ട­ത്‌.

ഭരണപരിശീലനം: സൂപ്ര­ണ്ട്, ആര്‍ എം ഒ തുടങ്ങിയ ഭരണ നിര്‍വഹണ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ അഡ്‌മിനിസ്‌ട്രറ്റീവ്‌ മേഖലയിൽ വിദഗ്‌ധ പരിശീലനം നൽകണം. ഇതിനായി മെഡിക്കൽ കോളേജുകളിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കേഡര്‍ രൂപികരിച്ചു അവര്‍ക്കു പരിശീലനം നൽകുന്നതും ഉചിതമാണ്‌. വകുപ്പ്‌ മേധാവികള്‍ക്കും ഇത്തരം പരിശീലനം ആവശ്യമാണ്‌.

പഞ്ചിംഗ്: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ പഞ്ചിംഗ്‌ ആരംഭിക്കണം. കേന്ദ്രീകൃത പഞ്ചിംഗല്ല ആവശ്യം. ഓരോവിഭാഗത്തിലും വാര്‍ഡുകളിലും മറ്റും റിയൽ ടൈം പഞ്ചിംഗാണാവശ്യം.

മാലിന്യസംസ്‌കരണം: എല്ലാ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലേയും മാലിന്യസംസ്‌കരണം അശാസ്‌ത്രീയമാണ്‌. അന്തര്‍ദേശീയ നിലവാരത്തിൽ മാലിന്യ സംസ്‌ക്കരണം ആരംഭിക്കണം.

ഗവേഷണം: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിലവാരമുള്ള ഗവേഷണങ്ങള്‍ വളരെ കുറവാണ്‌. ഇത്‌ പരിഹരിക്കാന്‍ ഓരോ മെഡിക്കൽ കോളേജുകളിലും ഗവേഷണ വിഭാഗങ്ങള്‍ തുടങ്ങേണ്ട­താവശ്യമാണ്‌. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന്‌ ഗവേഷണങ്ങള്‍ നിര്‍ബന്ധമാക്കണം.

ഫോറന്‍സിക്‌ മെഡിസിന്‍: പലപ്പോഴും ഈ മേഖലയിൽ വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. ആരാണ്‌ പോസ്റ്റുമോര്‍ട്ടം പരിശോധനകള്‍ നടത്തിയത്‌ എന്ന വിഷയത്തിലാണ്‌ മിക്കപ്പോഴും തര്‍ക്കം നടക്കുന്നത്‌. ഈ വിഷയം പരിഹരിക്കാനായി സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെങ്കിലും പോസ്റ്റുമോര്‍ട്ടം പരിശോധനാമുറികളിൽ ക്യാമറാ റെക്കോര്‍ഡിങ്‌ ഏര്‍പ്പെടുത്തണം.

ഫാര്‍മസി, ലാബ്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിൽ 24 മണിക്കൂര്‍ ഫാര്‍മസി സേവനവും ആവശ്യമായ മരുന്നുകളുടെ ലഭ്യതയൂം ഉറപ്പാക്കണം. 24 മണിക്കൂര്‍ രക്ത പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനവും ആരംഭിക്കണം. USG, CT തുടങ്ങിയ രോഗനിര്‍ണ്ണയ പരിശോധനകളും 24 മണിക്കൂറും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിൽ ലഭ്യമാക്കണം.

ആധുനികവൽക്കരണം: കാര്യക്ഷമമായി പരിശോധനകള്‍ നടത്തുന്നതിനും ലാബ്‌, മറ്റു പരിശോധനാഫലങ്ങള്‍ തുടങ്ങിയവ ഡോക്‌ടര്‍മാര്‍ക്ക്‌ ലഭ്യമാക്കുന്നതിനും ആവശ്യമായ ഇഹെൽത്ത്‌ പോര്‍ട്ടൽ എത്രയും വേഗത്തിൽ നടപ്പിലാക്കണം. രോഗികളുടെ വിവരങ്ങളും ആശുപത്രി ഉപകരണങ്ങളുടേയും അവശ്യവസ്‌തുക്കളുടേയും കണക്കുകളും പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വൽക്കരിക്കണം. അതോടൊപ്പം, ഓഡിറ്റിംഗ്‌ എല്ലാവര്‍ക്കും കൃത്യമായി നടപ്പാക്കണം.

മരുന്നുകള്‍: KSDPയിലോ പുതിയ ഒരു സംരംഭം ആരംഭിച്ചോ കേരളത്തിലെ ജനങ്ങള്‍ക്കാവശ്യമായ ഗുണനിലവാരമുള്ള മരുന്നുകള്‍ നിര്‍മ്മിക്കണം. ഗുണനിലവാര-പരിശോധനയ്‌ക്കുള്ള സൗകര്യങ്ങള്‍ നിലവിൽ അപര്യാപ്‌തമാണ്‌. അത്‌ പരിഹരിക്കാന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലും ഫാര്‍മസി കോളേജുകളെയും ഫാര്‍മക്കോളേജി വിഭാഗത്തെയും ഫോറന്‍സിക്‌ വിഭാഗത്തെയും ബന്ധിപ്പിച്ച്‌ മരുന്ന്‌ പരിശോധനാലാബുകള്‍ ആരംഭിക്കണം. വിഷം കഴിച്ചു വരുന്ന രോഗികളുടെ ചികിത്സയിലും ഇത്‌ വലിയ രീതിയിൽ ഉപകാരപ്പെടും. KMSCL വഴി നിലവിൽ വിതരണം ചെയ്യുന്ന ഉപകരണങ്ങളും മരുന്നുകളും പലപ്പോഴും ഗുണനിലവാരമില്ലാത്തവയാണ്‌. ഇത്‌ പരിഹരിക്കാനായി ഓരോ ആശുപത്രികളിലും വേണ്ട മരുന്നുകളും ഉപകരണങ്ങളും അവരുടെ കൂടി ആവശ്യങ്ങള്‍ പരിഗണിച്ചു വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുക.

സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസം

സ്വകാര്യ മെഡിക്കൽ കോളേജുകള്‍: 3350 MBBS ബിരുദധാരികള്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കേരളത്തിൽ ഇനിയും കൂടുതൽ സ്വകാര്യ മെഡിക്കൽ കോളേജുകള്‍ അനുവദിക്കരുത്‌.

പ്രവേശനം: പ്രവേശനത്തിൽ 100% സീറ്റുകളിലും മെറിറ്റ്‌ ഉറപ്പാക്കുക. സംവരണവ്യവസ്ഥകള്‍ കൃത്യമായി പാലിക്കുക. MBBS, PG പ്രവേശന പരീക്ഷകളിൽ ആളുടെ ഈ മേഖലയോടുള്ള അഭിരുചിയും കൂടി പരിശോധിക്കപ്പെടണം.

ഫീസ്‌: ഓരോ മെഡിക്കൽ വിദ്യാര്‍ത്ഥിയേയും ഒരു വര്‍ഷം പഠിപ്പിക്കുന്നതിനാവശ്യമായ ഫീസ്‌ എത്രയെന്നു ശാസ്‌ത്രീയമായി കണ്ടെ­ത്തെുകയും 100% സീറ്റുകളിലും അതിനനുസരിച്ച്‌ ഫീസ്‌ നിര്‍ണ്ണയിക്കുകയും ചെയ്യുക. ആശുപത്രി നടത്തിപ്പിനായുളള ചെലവുകള്‍ വിദ്യാര്‍ത്ഥികളുടെ ചുമലിലിട്ടാവരുത്‌ ഇത്‌ ക­ണ്ടുപിടിക്കേ­ണ്ടത്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക്‌ സര്‍ക്കാരും കോളേജുകളും സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക.

സൗകര്യങ്ങള്‍: മെഡിക്കൽ കൗണ്‍സിൽ നിഷ്‌കര്‍ഷിക്കുന്ന ആശുപത്രി സൗകര്യങ്ങളും അദ്ധ്യാപക തസ്‌തികകളും പഠന-പാഠ്യേതര സൗകര്യങ്ങളും ഉറപ്പാക്കുക. ഇതിനായി ആവശ്യമെങ്കിൽ നിയമനിര്‍മ്മാണം നടത്തുക. നിലവിൽ അവിടെയുള്ള ആരോഗ്യസര്‍വ്വകലാശാലയുടെ പരിശോധനകള്‍ നടത്തുന്നത്‌ മറ്റു കോളേജുകളിലെ അദ്ധ്യാപകരാണ്‌. അവര്‍തന്നെ മുന്‍കൂട്ടി അറിവ്‌ നൽകുകയും ചെയ്യുന്നു. ഇതവസ്സാനിപ്പിക്കണം. പരിശോധനകള്‍ സര്‍ക്കാരും സര്‍വകലാശാലയും മുന്‍കൂട്ടി അറിയിക്കാതെ നടത്തണം. വര്‍ഷത്തിൽ 2 തവണ ഓരോ കോളേജുകളിലും പരിശോധനകള്‍ നടത്തണം. പത്ത്‌ വര്‍ഷമായെങ്കിലും പ്രവർത്തിച്ചു വരുന്ന ആശുപത്രികളിൽ മാത്രമേ മെഡിക്കൽ കോളേജുകള്‍ അനുവദിക്കാവൂ.

ശമ്പളം: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ കുട്ടികള്‍ പലവിധ ചൂഷണ ങ്ങള്‍ക്കും ഇരയാക്കപ്പെടുന്നു­ണ്ട്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പളം പി. ജി. ഹൗസ്‌ സര്‍ജന്‍ ഡോക്‌ടര്‍മാര്‍ക്ക്‌ മിക്ക സ്വകാര്യമെഡിക്കൽ കോളേജുകളും നൽകാറില്ല. ഇതു പരിഹരിക്കാന്‍ നടപടികളെടുക്കണം. മെഡിക്കൽ വിദ്യാര്‍ത്ഥികളുടെ ഇത്തരം പരാതികള്‍ സ്വീകരിക്കാനോ പരിഹരിക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ നിലവിലില്ല. ഈ സൗകര്യങ്ങള്‍ ആരോഗ്യ സര്‍വ്വകലാശാലയിൽ ഉ­ണ്ടാവണം. ഓണ്‍ലൈനായി പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനം അവിടെ ഉ­ണ്ടാവണം.

പൊതു ആരോഗ്യ മേഖല

ഒഴിവുകള്‍ നികത്തുക: ആകെ 5215 ഡോക്‌ടര്‍ തസ്‌തികകളാണ്‌ DHS-നു കീഴിൽ നിലവിലുള്ളത്‌. 500-ഓളം ഒഴിവുകളാണുള്ളത്‌. 2012 ലെ PSCറാങ്ക്‌ ലിസ്റ്റ്‌ അവസാനിക്കാറായി. 45% ഡോക്‌ടര്‍മാര്‍ സര്‍വ്വീസിൽ പ്രവേശിക്കുന്നു­ണ്ട്. 2015 ലെ പരീക്ഷയുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. 4000 ഡോക്‌ടര്‍മാര്‍ അതിലു­ണ്ട്. ഇവരിൽ നിന്നും നിയമനം ത്വരിതഗതിയിൽ നടത്തുക.

തസ്‌തികകള്‍ സൃഷ്ടിക്കുക: കേരളത്തിലെ 3.5 കോടി ജനങ്ങള്‍ക്കായി ആകെ 5215 ഡോക്‌ടര്‍ തസ്‌തികകള്‍ മാത്രമാണുള്ളത്‌. അതായത്‌ 6750 പേര്‍ക്ക്‌ ഒരു ഡോക്‌ടര്‍ മാത്രമാണ്‌ പൊതു ആരോഗ്യമേഖലയിലുള്ളത്‌. ഇത്‌ മെച്ചപ്പെടുത്തേ­തുണ്ട്.­അതിനായി തസ്‌തികകള്‍ ഇഇരട്ടിയാക്കേണ്ടതുണ്ട്. അസിസ്റ്റന്റ്‌ സര്‍ജന്‍ തസ്‌തികയിൽ നിലവിൽ വളരെയധികം പി.ജി. കഴിഞ്ഞ സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടര്‍മാരുണ്ട്. അവരെ സ്‌പെഷ്യാലിറ്റി കേഡറിലേക്കു യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റുകയും അവരുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും വേണം. നിലവിലുള്ള അസിസ്റ്റന്റ്‌ സര്‍ജന്‍ തസ്‌തികകള്‍ ഇരട്ടിയാക്കുകയും ഓരോ പ്രാഥമിക സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ഒരു ഫാമിലി മെഡിസിന്‍ ഡോക്‌ടറുടെ തസ്‌തിക സൃഷ്ടി ക്കുകയും വേണം. എല്ലാ അടിസ്ഥാന സ്‌പെഷ്യാലിറ്റികളും എല്ലാ CHC, താലൂക്ക്‌, ജില്ലാ, ജനറൽ ആശുപത്രികളിലും ഉ­ണ്ടാവണം. കൂടാതെ മെഡിക്കൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ എല്ലാ ജനറൽ ആശുപത്രികളിലും ഉ­ണ്ടാവണം. ഇതിനായി ബോ­ണ്ട് അടിസ്ഥാനത്തിലല്ലാതെ നിയമനങ്ങള്‍ നടത്തേ­തു­ണ്ട്. താത്‌കാലിക പരിഹാരമാര്‍ഗ്ഗങ്ങള്‍ പ്രയോജനരഹിതമാണ്‌.

ഡയാലിസിസ്‌ അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലാ ആശുപത്രികളിലും നെഫ്രോളജി ഡോക്‌ടറുടെ നേതൃത്വത്തിൽ ആരംഭിക്കണം.

രോഗപ്രതിരോധ നടപടികൾ: ഡിഫ്ത്തീരിയ പോലുള്ള അസുഖങ്ങൾ കേരളത്തിൽ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൃത്യമായി വാക്സിൻ സ്വീകരിക്കാൻ പല ഭാഗങ്ങളിലും ജനങ്ങൾക്ക് മടിയാണ്. ഇവിടങ്ങളിലൊക്കെ കൂടുതൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. ഡെങ്കി, എലിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ എല്ലാ വർഷവും പൊട്ടിപ്പുറപ്പെടുന്നു. ഇവിടങ്ങളിലെല്ലാം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം.

പാമ്പ്‌കടി: പാമ്പ്‌കടിയേറ്റു നിലവിൽ വളരെയധികം മരണങ്ങളു­ണ്ടാവുന്നു­ണ്ട്. ഭൂരിഭാഗം കടികളും ഏല്‌ക്കുന്നത്‌ ഗ്രാമപ്രദേശങ്ങളിൽ വച്ചാണ്‌. അവിടങ്ങളിൽ ചികിത്സാസൗകര്യങ്ങള്‍ പരിമിതമാണ്‌. അതിനാൽ പ്രതിരോധമരുന്നായ ASV നൽകാനുള്ള സൗകര്യങ്ങള്‍ PHC/CHC തലങ്ങളിൽ ഉ­ണ്ടാക്കിയാൽ നന്നായിരിക്കും.

പോസ്റ്റ്‌മോര്‍ട്ടം പരിശോധന: കേരളത്തിൽ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളിൽ പകുതിയിലധികവും നടക്കുന്നത്‌ ഈ ആശുപത്രികളിലാണ്‌. പരിശോധനയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അവിടങ്ങളിൽ ഫോറന്‍സിക്‌ സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടര്‍മാരെ നിയമിക്കണം. വര്‍ഷം 250ൽ അധികം പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു ഫോറന്‍സിക്‌ സ്‌പെഷ്യലിസ്റ്റിനെയെങ്കിലും നിയമിക്കണം.

പൊതുജന വിഷയങ്ങള്‍

ആശുപത്രി ബില്ലുകള്‍: സ്വകാര്യആശുപത്രികളുടെ സേവനം കേരളത്തിൽ അവഗണിക്കാനാവാത്തതാണ്‌. എന്നാൽ പലപ്പോഴും ജനങ്ങള്‍ക്ക്‌ താങ്ങാനാവാത്ത ബില്ലുകള്‍ അടയ്‌ക്കേ­ണ്ട അവസ്ഥ ഉ­ണ്ടാവുന്നു­ണ്ട്.അശാസ്‌ത്രീയമായ രോഗചികിത്സാ-ലാബ്‌ പരിശോധനകള്‍ എന്നിവ പല സ്വകാര്യ ആശുപത്രികളിലും നടമാടുന്നുണ്ട്. ഒരേകീകൃതമായ പ്രോട്ടോകോള്‍ സൃഷ്ടിക്കുന്നത്‌ നന്നാവും. ബില്ലുകള്‍ നിശ്ചിത പരിധിക്കുള്ളിൽ തന്നെയാവാന്‍ വേ­ണ്ടിയുള്ള ശ്രമങ്ങള്‍ നടത്തേ­ണ്ടതു­ണ്ട്. ഇതിനായി ഓരോ ചികിത്സയേയും പലതായി തിരിച്ചു ഓരോന്നിനും പരമാവധി ആകാവുന്ന തുകകള്‍ കണ്ടെ­ത്തെണം. അതായത്‌ ഒരു ശസ്‌ത്രക്രിയ ആണ്‌ വിഷയമെങ്കിൽ ഡോക്‌ടറുടെ ഫീസ്‌, മരുന്നിന്‌ വേറെ വില, ICUവാടക തുടങ്ങി ഓരോന്നിനും പരിധി നിശ്ചയിക്കുക.

ശാസ്‌ത്രവിരുദ്ധ പ്രചരണങ്ങള്‍: ശാസ്‌ത്രീയ ചികിത്സാരീതിക്കെതിരെയുള്ള പ്രചാരണങ്ങളും വാക്‌സിന്‍ വിരുദ്ധതയും മൂലം വളരെയധികം ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുകയും അവരുടെ ജീവന്‍ നഷ്‌ടപ്പെടുന്ന അവസ്ഥയുമാണിന്നുള്ളത്‌. അഭ്യസ്‌തവിദ്യരായ ആളുകള്‍വരെ അശാസ്‌ത്രീയ ചികിത്സയ്‌ക്ക്‌ പ്രചാരണം നൽകുകയും ചെയ്യുന്നു. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കേ­തു­ണ്ട്. സ്‌കൂള്‍കുട്ടികളുടെ ആരോഗ്യ-അവബോധ സൃഷ്ടിയിലൂടെ സമൂഹത്തിലെ എല്ലാവരിലേക്കും ഇതെത്തിക്കാനുള്ള ശ്രമങ്ങള്‍ ഗുണപ്രദമാകും. അശാസ്‌ത്രീയമായും യോഗ്യതകളില്ലാതെയും ചികിത്സ നടത്തുകയും തെറ്റായ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ, മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാവണം, അതിനായി നിയമനിര്‍മ്മാണം നടത്തണം.

ഡോക്‌ടര്‍ രോഗീബന്ധത്തിലു­ണ്ടായ അപചയം: രോഗവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗികളോട്‌ സംവദിക്കുവാന്‍ പലപ്പോഴും ഡോക്‌ടര്‍മാര്‍ക്ക്‌ സാധിക്കാതെ വരുന്നു­ണ്ട്. വര്‍ദ്ധിച്ചുവരുന്ന തിരക്കും പല കൂട്ടിരിപ്പുകാരോടും പല സമയങ്ങളിൽ വിശദീകരിക്കേ­ണ്ടി വരുന്നതുമാകാം കാരണം. കൂടാതെ ചില ഡോക്‌ടര്‍മാരെങ്കിലും മരുന്ന്‌ കമ്പനികളുടെയും, ലാബുകളുടെയും കട്ട്‌ അഥവാ കമ്മീഷന്‍ വാങ്ങാറു­ണ്ട്. ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഇതും കാരണമായിട്ടു­ണ്ട്. ഈ പ്രവണതകള്‍ അവസാനിപ്പിക്കാനാവശ്യമായ ശക്തമായ നടപടികള്‍ ഉണ്ടാവണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്‌ടര്‍മാര്‍ക്കും എതിരെയുള്ള അക്രമങ്ങളും കൂടി വരുന്നു­ണ്ട്. ശക്തമായ നിയമ നടപടികളില്ലാത്തതും നിയമനടപടികള്‍ ഒഴിവാക്കാന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദമു­ണ്ടാവുന്നതുമാണ്‌ ഇതിനു കാരണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുന്നവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

ആരോഗ്യസര്‍വ്വകലാശാല

ഫീസ്‌വര്‍ദ്ധനവ്‌: താങ്ങാനാവാത്ത ഫീസാണ്‌ സര്‍വ്വകലാശാല ഈടാക്കുന്നത്‌. ഇത്‌ കുറക്കേ­ണ്ടതു­ണ്ട്.

പരീക്ഷ: പരീക്ഷാനടത്തിപ്പ്‌ സുതാര്യതയില്ലാത്തതാണ്‌. പലപ്പോഴും പി.ജി. ഉത്തരക്കടലാസുകള്‍ വായിക്കാതെ പോലും മൂല്യനിര്‍ണ്ണയം നടത്തുന്നു. ഇത്‌ വലിയ ക്രൂരതയാണ്‌. പി.ജി. വിഭാഗത്തിലും കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം നടത്തിയാൽ മാത്രമേ ഇത്‌ പരിഹരിക്കാനാവൂ.

സെനറ്റ്‌: തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു എങ്കിലും ഇതേവരെ സെനറ്റ്‌ യോഗം കൂടുകയുണ്ടായില്ല.

ഗവേഷണം: ഗവേഷണ സൗകര്യങ്ങള്‍ ഇല്ലാത്ത ഏകസര്‍വ്വകലാശാലയാണിത്‌. ഇത്‌ മെച്ചപ്പെടുത്തണം. സര്‍വ്വകലാശാല അന്തര്‍ദേശീയ നിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കണം.

നിയമ പ്രശ്നങ്ങൾ: ആരോഗ്യ സർവ്വകലാശാല തുടക്കകാലം മുതൽ തന്നെ വിവാദങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു. പല കോടതി ഉത്തരവുകളും ഇന്നും പാലിക്കപ്പെടുന്നില്ല. ഗസറ്റിൽ പ്രസിദ്ധീകരിക്കാതെയുള്ള തീരുമാനങ്ങൾക്ക് നിയമ സാധുത ഇല്ലാ എന്ന ഹൈക്കോടതി ഉത്തരവിനെ പോലും അവഗണിച്ചാണ് മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സർവ്വകലാശാലയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന പ്രശ്നമാണിത്. മാത്രമല്ല, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന രീതിയിലല്ലാതെ പി.ജി. പരീക്ഷകൾ നടത്തുന്നതിനെയും ഹൈക്കോടതി ചോദ്യം ചെതിട്ടുണ്ട്. പ്രസവ സംബന്ധമായി നിയമവിധേയമായി 4 മാസം വരെ അവധി എടുക്കുന്ന പിജി ഡോക്റ്റർമാർ എല്ലാ വർഷവും കോടതിയിൽ നിന്നുള്ള ഉത്തരവുമായാണ് പരീക്ഷ എഴുതുന്നത്. ആവർത്തിക്കപ്പെടുന്ന ഇത്തരം പ്രശ്നങ്ങളിൽ പോലും വിദ്യാര്‍ത്ഥി സൗഹാർദ്ദ നിലപാടുകൾ ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്.

(KGMC Doctors’ Groupന്റെ സഹായത്തോട് കൂടി തയ്യാറാക്കിയത്.)


Viewing all articles
Browse latest Browse all 224

Trending Articles