ചരിത്രത്തെ അതിലെ സൂക്ഷ്മവും ആന്തരികവുമായ വൈരുദ്ധ്യങ്ങളെ മുഴുവൻ അടർത്തി മാറ്റി തങ്ങൾക്ക് അനുകൂലമാം വണ്ണം രേഖീയമായ ഒരു ആഖ്യാനമായി പുനരവതരിപ്പിക്കുക എന്നത് കാലാകാലങ്ങളായി ഇതേ ചരിത്രത്തിന്റെ ഭാഗമായ അധികാര മാറ്റങ്ങൾക്ക് സമാന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അനിവാര്യമെന്നോണം അധികാര നിർമ്മിതമായ ഒരു കല്പിതാഖ്യാനം എന്ന നിലവിട്ട് വസ്തുനിഷ്ഠമായ ചരിത്രം എന്ന ഒരു സാദ്ധ്യത തന്നെ ഉണ്ടാവുന്നത് അടുത്ത കാലത്താണ്. അത്തരം ഒരു സാദ്ധ്യത മുന്നോട്ട് വച്ചത് ശാസ്ത്രവുമാണ്. അവിടം മുതൽക്കാണ് ചരിത്രത്തിന് അധികാരനിരപേക്ഷമായ ഒരു നിലനിൽപ്പ് തന്നെ സാദ്ധ്യമായത് എന്ന് പറയാം. വിമതസ്വഭാവമുള്ള ചരിത്രാഖ്യാനങ്ങൾ ഉണ്ടായിട്ടേ ഇല്ല എന്നല്ല. പക്ഷേ അവയെയും മറ്റൊരാഖ്യാനം മാത്രമായി തള്ളിക്കളയുക എന്ന സാദ്ധ്യത അധികാരത്തിന് പരിചയായി ഉണ്ടായിരുന്നു. വസ്തുനിഷ്ഠതയിൽ ഊന്നിയ ഭൗതികവാദപരവും എംപിരിക്കലുമായ (Empirical) ബദൽ ചരിത്രത്തെ കേവലം പ്രചാരണ യന്ത്രങ്ങൾകൊണ്ട് നേരിടാൻ കഴിയാത്ത ഒരവസ്ഥ ഇതിലൂടെ ഉണ്ടായി എന്ന് കാണാം.
ഇവിടെ നാം അധികാരം എന്ന യാഥാർത്ഥ്യത്തെ അതിന്റെ കേവലമായ അർത്ഥത്തിലല്ല സമീപിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാറിവന്ന വിദേശീയവും തദ്ദേശീയവുമായ ഭരണകൂട അധികാര രൂപങ്ങൾക്കുമപ്പുറം അവയുമായി കലഹിച്ചും സഖ്യം ചെയ്തും തളരാതെ നിലനിന്നുപോന്ന മറ്റൊരു അദൃശ്യ അധികാര രൂപമുണ്ട്. ഒരു തരം ഹെഗമണി (Hegemony) എന്ന് വിളിക്കാവുന്ന ഈ അദൃശ്യ അധികാര രൂപമാണ് ബ്രാഹ്മണിക് ഹിന്ദുത്വം. ഹിന്ദുത്വവാദം എന്ന പ്രയോഗത്തിന്റെ കർതൃത്വം സവർക്കർക്കാണ്, എങ്കിലും ഹിന്ദുത്വത്തിന്റെ വേരുകൾ അതിനും പിറകിൽ ബ്രാഹ്മണിക്ക് ആയ ദൈവ സങ്കൽപ്പത്തിൽ വരെ ഉണ്ട്. വിരാട് പുരുഷ സങ്കൽപ്പത്തിലൂടെയുള്ള സൃഷ്ടി സിദ്ധാന്തം അത് തെളിയിക്കുന്നു. അതിലൂടെ നിലവിൽ വന്നതെന്ന് വിശ്വസിക്കപ്പെടുന്ന സാമൂഹ്യഘടനയുടെ ചരിത്രപരമായ രേഖപ്പെടുത്തൽ മാത്രമാണ് മനു പിന്നീട് തന്റെ സ്മൃതിയിലൂടെ ചെയ്തത് എന്നും വ്യാഖ്യാനമുണ്ട്. അവ എന്ത് തന്നെ ആയാലും, വിരാട് പുരുഷ സങ്കൽപ്പത്തിൽ വേരൂന്നുന്നതും മനുസ്മൃതിയിലൂടെ സ്ഥാപനവൽക്കരിക്കപ്പെട്ടതും ആയ ചാതുർവർണ്ണ്യ വ്യവസ്ഥയിലാണ് നാം മേല്പറഞ്ഞ ഹെഗമണിയുടെ അടിത്തറ എന്ന് വ്യക്തം.
ആ അടിത്തറയെ ഇളക്കാൻ മാറി വന്ന പ്രത്യക്ഷ ഭരണകൂടങ്ങൾക്കോ മത, സാംസ്കാരിക ആശയ സംഹിതകൾക്കോ വൈദേശിക ആധിപത്യത്തിനോ കോളനിവൽക്കരണത്തിനോ ഒന്നും പൂർണ്ണമായി കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യമാണ് നമ്മുടെ ദേശീയ പ്രസ്ഥാനത്തിലും, തുടർന്നുള്ള ദേശനിർമ്മിതിയിലും വിഭജനത്തിലും അതുണ്ടാക്കിയ കലാപങ്ങളിലും, ജനാധിപത്യ വ്യവസ്ഥയിലും, അതിൽ പതിറ്റാണ്ടുകളളോളം അധികാരമാളിയ കോണ്‍ഗ്രസ്സ് എന്ന മതേതര രാഷ്ട്രീയ സംഘടനയുടെ ആന്തരിക വൈരുദ്ധ്യങ്ങളും ആശയ സംഘർഷങ്ങളും നിറഞ്ഞ പാർലമെന്ററി ചരിത്രത്തിലും ഒക്കെ പൊതുവായി നമുക്ക് വായിച്ചെടുക്കാവുന്നത്. അതായത് ഇവയൊന്നും തന്നെ ബ്രാഹ്മണിക്ക് ഹിന്ദുത്വ ഹെഗമണിയുടെ നിയന്ത്രണത്തിൽ നിന്ന് രേഖീയമായി മുറിഞ്ഞ് മാറി നിൽക്കുന്നവ അല്ലായിരുന്നു എന്ന്.
ഹിന്ദുത്വത്തിന്റെ ഇന്ത്യാ ചരിത്രം
ഇന്ത്യയുടെ ചരിത്രം ഫലത്തിൽ ഹിന്ദുത്വത്തിന്റെ ചരിത്രമായി മാറിയതിനു പിന്നിൽ പ്രത്യക്ഷ അധികാരത്തിന്റെ ഭരണകൂട രൂപങ്ങളുടെ ഇടപെടലുകളെക്കാൾ ഗുരുതരമായ കാരണമാകുന്നത് മേൽപറഞ്ഞ ബ്രാഹ്മണിക്ക് ഹിന്ദുത്വ ഹെഗമണിയുടെ ഇടപെടലുകളാണ്; അവ പലപ്പോഴും അബോധതലത്തിൽ പോലും നടക്കുന്നവയാണ്. അത് വസ്തുനിഷ്ഠമായി ചോദ്യം ചെയ്യപ്പെടുന്നത് ജ്ഞാനോദയവും മാനവികതാപ്രസ്ഥാനങ്ങളും മുതൽ ശാസ്ത്ര സാങ്കേതിക വികാസവും അവ ഉല്പാദിപ്പിച്ച വസ്തുനിഷ്ഠ വിശകലനോപാധികളുടെ ലഭ്യതയും വരെ സ്വാധീനങ്ങളാകുന്ന ഒരു നൂതന പരിപ്രേക്ഷ്യ നിർമ്മിതിയിലൂടെയാണ്.
കോളനിവൽക്കരണം കൂടെ കൊണ്ടുവന്ന ആധുനികത മൂല്യങ്ങളിൽ നിന്ന് യാദൃശ്ചികമായി വീണുകിട്ടിയ സാദ്ധ്യതകൾ ഉപയോഗിച്ചാണ് കെട്ടിക്കിടക്കുന്ന ബ്രാഹ്മണിക്ക് ഹിന്ദുത്വ ഹെഗമണിയുടെതായ ഇന്ത്യൻ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് സാക്ഷാൽ ഭീം റാവു അംബേദ്‌കറിനെ പോലുള്ള യുഗപ്രഭാവന്മാർ തങ്ങളെ നിർമ്മിച്ചെടുത്തത്. നാരായണ ഗുരു പോലും തനിക്ക് "ദീക്ഷ തന്നത് ബ്രിട്ടീഷുകാരാണ്"എന്ന പരാമർശത്തിലൂടെ അത് അടിവരയിടുന്നുണ്ട്. ജന്മം കൊണ്ട് സവർണ്ണനെങ്കിലും കർമ്മം കൊണ്ട് അടിമുടി ആധുനികനായിരുന്ന നെഹ്റു മറ്റൊരു ഉദാഹരണം. അതായത് ആധുനികതയും നവോത്ഥാനവും ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തിയത് വൈദേശികാധിപത്യത്തിനെതിരേ എന്നതിലുപരി ബ്രാഹ്മണിക്ക് ഹിന്ദുത്വത്തിനെതിരേ ആയിരുന്നു. |
ശാസ്ത്രം എന്നത് കേവലം മറ്റൊരു ആഖ്യാനം മാത്രമാണ് എന്ന ഉത്തരാധുനിക സൈദ്ധാന്തിക വെളിപാടിനെ ഈ ഒരു സവിശേഷ ചരിത്രഘട്ടം പശ്ചാത്തലമാക്കി വിശകലനം ചെയ്താൽ രസകരമായ ചില 'യാദൃശ്ചികത'കൾ വെളിപ്പെടും. പട്ടും വളയും കരമൊഴിവായി മണ്ണും കൊടുത്ത് അധികാരം നിലനിർത്തിയിരുന്ന അതിന്റെ സ്വന്തം പണ്ഡിതർ ഊഹങ്ങളിലൂടെയും ഭാവനാവിലാസത്തിലൂടെയും ഉണ്ടാക്കി പൊലിപ്പിച്ചെടുത്ത ചരിത്രമായിരുന്നു നമ്മൾ പഠിച്ചുവന്ന ചരിത്രം. കാർബൺ ഡേറ്റിങ്ങ് ഉൾപ്പെടെയുള്ള ആധുനിക ശാസ്ത്ര സാങ്കേതിക സാദ്ധ്യതകളുടെ വെളിച്ചത്തിൽ പുതിയ ചരിത്രം, അധികാര നിർമ്മിതമായ, ചോദ്യമില്ലാത്ത അമ്മൂമ്മക്കഥകളായി അനായാസം നിലനിന്ന് പോന്നിരുന്ന ആ പഴയ ചരിത്രത്തെ ചോദ്യം ചെയ്യുന്നു എന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണ്. കൊസാംബി മുതൽ റോമിള ഥാപ്പർ വരെയുള്ള ചരിത്രപണ്ഡിതർ മേൽപറഞ്ഞ അധികാര നിർമ്മിതമായ ചരിത്രത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നത് ഭൗതികവാദവും ശാസ്ത്രവും സാങ്കേതിക വിദ്യയും, അവ തുറന്നിട്ട ജ്ഞാനബന്ധിയായ പുതിയ എംപിരിക്കൽ പരിപ്രേക്ഷ്യവും ഉപയോഗിച്ചു കൊണ്ടാണ്. അതായത് അധികാരത്തിന് അതിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാലത്തെയും വളച്ചൊടിച്ച് വ്യാഖ്യാനിച്ച് കൊള്ളിക്കാം എന്ന അവസ്ഥ ചരിത്രപരമായ ഭൗതികവാദവും നൂതന ചരിത്രവാദവും ഒക്കെ ഉയർത്തിക്കൊണ്ടുവന്ന പുതിയ സൈദ്ധാന്തിക പരിസരത്തിൽ സാംസ്കാരികമായും, ശാസ്ത്ര സാങ്കേതിക വിദ്യകളിൽ വന്ന കുതിച്ച് കയറ്റത്തിലൂടെ എംപിരിക്കലായും ചോദ്യം ചെയ്യപ്പെട്ടു. ആ തകർച്ചയെ മറികടക്കാൻ എന്താണ് പോംവഴി? ഒന്നേയുള്ളു. ശാസ്ത്രം അതിന്റെ എംപിരിക്കൽ രീതിശാസ്ത്രം വഴി വികസിപ്പിച്ചെടുത്ത അറിവിന്റെ വസ്തുനിഷ്ഠതയെ തകർക്കണം. അപ്പോഴതാ ‘ദൃശ്ചിക’മായി ഉയർന്ന് വരുന്നു ഒരു ഉത്തരാധുനിക സിദ്ധാന്തം. ശാസ്ത്രം മറ്റ് നിരവധി ആഖ്യാനങ്ങളെ പോലെ മറ്റൊരു ആഖ്യാനം മാത്രമാണ്.
അതോടെ ഹിന്ദുത്വ ഹെഗമണിക്ക് ഒരു കച്ചിത്തുരുമ്പ് വീണ് കിട്ടുകയായിരുന്നു. ശാസ്ത്രവും ഒരു ആഖ്യാനം മാത്രമാണെങ്കിൽ പിന്നെ പ്രതിരോധം എളുപ്പമായി. ആഖ്യാനങ്ങളുടെ തമ്പുരാനായ അധികാരത്തിനോടാ കളി! അങ്ങനെ വർദ്ധിതവീര്യരായ അധികാരവും, അതിന്റെ സ്വന്തം ബുദ്ധിജീവികളും മെറ്റാ മോഡേൺ ചരിത്ര നിർമ്മിതി തുടങ്ങി. അതിന്റെ ഇന്ത്യൻ വകഭേദമായ ഹിന്ദുത്വവും. ആ ചരിത്രത്തിൽ ആർ ശങ്കറും, എ കെ ജിയും തൊട്ട് ഭഗത് സിങ്ങും സർദാർ പട്ടേലും വരെ (വേണമെങ്കിൽ എസ് ആർ പിയെയും പെടുത്തി പട്ടിക സമകാലികവൽക്കരിക്കാവുന്നതാണ്) വരുന്നത് അയത്നലളിതമായി തീരുന്നത് സ്വാഭാവികം. ഇതിൽ ഉത്തരാധുനികത വഹിച്ച പങ്കാണ് ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിഷ്കളങ്കമായ ‘യാദൃശ്ചിക’ പങ്ക്.
ചരിത്രത്തിന്റെ കാവി ഉടുപ്പിക്കൽ
ചരിത്രത്തെ കാവിയുടുപ്പിക്കുക എന്നത് ബിജെപിയുടെ രാഷ്ട്രീയ ആവശ്യമാകുന്നത് അവരുടെ പ്രത്യയശാസ്ത്ര അടിത്തറ ഹിന്ദുത്വവാദത്തിലായതുകൊണ്ടാണ്. ഹിന്ദുത്വം എന്ന ആശയത്തിന്റെ ലെജിറ്റിമൈസേഷൻ (Legitimization) അഥവാ സാധൂകരണ പ്രക്രിയ ചരിത്രത്തെ കാവിപുതപ്പിച്ചുകൊണ്ടല്ലാതെ സാദ്ധ്യമാവില്ല എന്നതിനാൽ തന്നെയാണ് അവർ അതിന് ഉദ്യമിക്കുന്നതും.
മെറ്റാമോഡേണിസം മുന്നോട്ട് വയ്ക്കുന്ന എംപിരിസിസത്തിൽ നിന്ന് റാഷണലിസത്തിലേക്ക്, വസ്തുതയിൽ നിന്ന് മിത്തിലേക്ക് നിരന്തരം ദോലനം ചെയ്യുന്ന യാഥാർത്ഥ്യം കൂടിയാവുമ്പോൽ സംവാദങ്ങളിലെ വസ്തുനിഷ്ഠത എന്ന സാദ്ധ്യത തന്നെ റദ്ദ് ചെയ്യപ്പെടുന്നു. അതാണ് ഹിന്ദുത്വത്തിന് ഇന്ന് വീണു കിട്ടിയിരിക്കുന്ന ഏറ്റവും വലിയ സാദ്ധ്യതയും. പിന്നെ മനുഷ്യകുലത്തിന്റെ സഞ്ചിത സാംസ്കാരിക മൂലധനത്തിന്റെ ഭാഗമായ, ഏതാനും പതിറ്റാണ്ട് മുമ്പുവരെ പ്രകടമാം വണ്ണം ലളിതമായിരുന്ന മൂല്യങ്ങളെ അതാര്യമായ പ്രശ്നവൽക്കരണങ്ങളിലൂടെ കേവലം ആശയക്കുഴപ്പങ്ങൾ മാത്രമാക്കിത്തീർത്ത ഉത്തരാധുനിക, സ്വത്വ രാഷ്ട്രീയ സൈദ്ധാന്തിക ഇടപെടലുകളും.
|
ഇന്ത്യൻ ദേശീയതയുടെ ചരിത്രത്തെ ഹിന്ദുത്വവാദത്തിന്റെ ചരിത്രമായി മാറ്റി എഴുതുവാൻ ആദ്യം വേണ്ടത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ ദേശീയ പ്രസ്ഥാനത്തിൽ നിന്ന് അതിന്റെ കഴിയുന്നത്ര നേതാക്കളെ ഹിന്ദുത്വപ്രത്യയശാസ്ത്ര പശ്ചാത്തലത്തിലേക്ക് മാറ്റി വ്യാഖ്യാനിക്കുക എന്നതാണ്; അതായത് അവർക്ക് കോണ്‍ഗ്രസ്സുകാർ ആയിത്തീരേണ്ടിവന്നത് അന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു നിയതമായ സംഘടനാരൂപം ആർജ്ജിച്ചിരുന്നില്ലാത്തതിനാൽ മാത്രമായിരുന്നു എന്ന് വരുത്തി തീർക്കുകയാണ്. അർദ്ധ ഫ്യൂഡൽ ഗോത്ര പാരമ്പര്യത്തിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിലേക്കാണ് കൊളോണിയൽ അധികാരവും, അത് ഒപ്പം കൊണ്ടുവന്ന പടിഞ്ഞാറൻ ആധുനികതയും എത്തിച്ചേരുന്നത്. മൃഗീയ ചൂഷണത്തിന്റെ സാമ്രാജ്യത്വ അജണ്ടയാണ് കോളനിവൽക്കരണത്തിന് പിന്നിൽ എങ്കിൽ അത് കൂടെ കൊണ്ടുവന്ന ആധുനികതയുടെ സാംസ്കാരിക ഉള്ളടക്കം കൊളോണിയൽ സാമ്രാജ്യത്വത്തെ പല തലങ്ങളിൽ പ്രശ്നവൽക്കരിക്കുന്ന ജ്ഞാനോദയത്തിന്റെയും ഫ്രെഞ്ച് വിപ്ലവത്തിന്റെയും മാനവികതാ പ്രസ്ഥാനങ്ങളുടെയും ആയ മൂല്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഒന്നായിരുന്നു. ഇതിൽ ഒരു വൻ വൈരുദ്ധ്യമുണ്ട്. ആ വൈരുദ്ധ്യം കോളനിവൽക്കരണത്തിന് ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിൽ, അതിൽ ഉണ്ടായ പ്രസ്ഥാനങ്ങളിൽ, നേതാക്കളിൽ, അവരുടെ വ്യക്തിത്വങ്ങളിൽ ഒക്കെ കാണാനാവും.
![]() |
കോളനിവൽക്കരണം കൂടെ കൊണ്ടുവന്ന ആധുനികത മൂല്യങ്ങളിൽ നിന്ന് യാദൃശ്ചികമായി വീണുകിട്ടിയ സാദ്ധ്യതകൾ ഉപയോഗിച്ചാണ് കെട്ടിക്കിടക്കുന്ന ബ്രാഹ്മണിക്ക് ഹിന്ദുത്വ ഹെഗമണിയുടെതായ ഇന്ത്യൻ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് സാക്ഷാൽ ഭീം റാവു അംബേദ്‌കറിനെ പോലുള്ള യുഗപ്രഭാവന്മാർ തങ്ങളെ നിർമ്മിച്ചെടുത്തത്. നാരായണ ഗുരു പോലും തനിക്ക് "ദീക്ഷ തന്നത് ബ്രിട്ടീഷുകാരാണ്"എന്ന പരാമർശത്തിലൂടെ അത് അടിവരയിടുന്നുണ്ട്. ജന്മം കൊണ്ട് സവർണ്ണനെങ്കിലും കർമ്മം കൊണ്ട് അടിമുടി ആധുനികനായിരുന്ന നെഹ്റു മറ്റൊരു ഉദാഹരണം. അതായത് ആധുനികതയും നവോത്ഥാനവും ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തിയത് വൈദേശികാധിപത്യത്തിനെതിരേ എന്നതിലുപരി ബ്രാഹ്മണിക്ക് ഹിന്ദുത്വത്തിനെതിരേ ആയിരുന്നു. അത് ന്യായവും ആയിരുന്നു. കാരണം നിലനില്ക്കുന്ന വ്യവസ്ഥയിൽ സ്വദേശി ഭരിച്ചാലും വിദേശി ഭരിച്ചാലും മനുഷ്യന്റെ സ്ഥാനം സാമൂഹ്യ നീതിയ്ക്ക് പുറത്തായിരുന്നു എന്നതാണ്.
കാവിവൽക്കരണത്തിന്റെ രീതിശാസ്ത്രം
ഹിന്ദുത്വവാദത്തിന്റെ ഫാസിസ്റ്റ് ഉള്ളടക്കത്തെ ബിജെപിയേയോ മോഡിയേയോ മാത്രം പ്രതിസ്ഥാനത്ത് നിർത്തി പ്രശ്നവൽക്കരിക്കാനാവില്ല, കാരണം അതിന്റെ വേരുകൾ ഇത്തരം കാലികമായ സംഘടനാരൂപങ്ങളിലോ നേതാക്കളിലോ അല്ല എന്നത് തന്നെ. അതുകൊണ്ടാണ് ഗോവധനിരോധനം ഉൾപ്പെടെയുള്ള ഹിന്ദുത്വ അജണ്ടകൾ ക്കെതിരെ കോണ്‍ഗ്രസ്സ് ഉയർത്തുന്ന വിമർശനങ്ങളെ അവർക്ക് കോണ്‍ഗ്രസ്സിന്റെ ചരിത്രം ഉപയോഗിച്ച് തന്നെ പ്രതിരോധിക്കാനാവുന്നത്. ഹിന്ദുത്വവാദം ബിജെപിയിലോ നരേന്ദ്ര മോഡിയിലോ തുടങ്ങുന്നതല്ല. ഹിന്ദുത്വ ഹെഗമണി അവരുടെ നൂറ്റാണ്ടിനും പിന്നിലേക്ക് വേരുള്ളതാണ്. അപ്പോൾ വിമർശനം കേവലം ബിജെപിയെയും മോഡിയെയും ലക്ഷ്യം വച്ചിട്ട് കാര്യമില്ല. എന്നാൽ ഇത്തരം പ്രത്യക്ഷവും ലളിതവുമായ ശത്രുക്കളെ മുൻനിർത്തിയല്ലാതെ, ബ്രാഹ്മണിക്ക് ഹിന്ദുത്വം എന്ന ഹെഗമണിയെ മുൻനിർത്തി ഒരു സമരം സാംസ്കാരിക തലത്തിലല്ലാതെ സാദ്ധ്യവുമല്ല. സാംസ്കാരികതലത്തിലാവട്ടെ എല്ലാം ആഖ്യാനങ്ങൾ മാത്രമാണെന്ന തീർപ്പാണ് നിലവിൽ ഫാഷനബിൾ. മെറ്റാമോഡേണിസം മുന്നോട്ട് വയ്ക്കുന്ന എംപിരിസിസത്തിൽ നിന്ന് റാഷണലിസത്തിലേക്ക്, വസ്തുതയിൽ നിന്ന് മിത്തിലേക്ക് നിരന്തരം ദോലനം ചെയ്യുന്ന യാഥാർത്ഥ്യം കൂടിയാവുമ്പോൽ സംവാദങ്ങളിലെ വസ്തുനിഷ്ഠത എന്ന സാദ്ധ്യത തന്നെ റദ്ദ് ചെയ്യപ്പെടുന്നു. അതാണ് ഹിന്ദുത്വത്തിന് ഇന്ന് വീണു കിട്ടിയിരിക്കുന്ന ഏറ്റവും വലിയ സാദ്ധ്യതയും. പിന്നെ മനുഷ്യകുലത്തിന്റെ സഞ്ചിത സാംസ്കാരിക മൂലധനത്തിന്റെ ഭാഗമായ, ഏതാനും പതിറ്റാണ്ട് മുമ്പുവരെ പ്രകടമാം വണ്ണം ലളിതമായിരുന്ന മൂല്യങ്ങളെ അതാര്യമായ പ്രശ്നവൽക്കരണങ്ങളിലൂടെ കേവലം ആശയക്കുഴപ്പങ്ങൾ മാത്രമാക്കിത്തീർത്ത ഉത്തരാധുനിക, സ്വത്വ രാഷ്ട്രീയ സൈദ്ധാന്തിക ഇടപെടലുകളും.
അങ്ങനെ ഒരുങ്ങിയ, ഒരുക്കപ്പെട്ട ഒരു ചരിത്രഘട്ടത്തിൽ നിന്നുകൊണ്ട് കൃത്യമായ മുൻഗണനാ ക്രമത്തോടെ, അത് നിശ്ചയിക്കാൻ വേണ്ട പ്രാഥമിക ചരിത്ര ഗവേഷണത്തിന്റെ പിൻബലത്തോടെ ഹിന്ദുത്വ ഹെഗമണി ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന ഒന്നാണ് ചരിത്രത്തിന്റെ കാവിവല്ക്കരണം. ചരിത്രത്തിന്റെ കാവിവല്ക്കരണം എന്ന വിശാലമായ ലക്ഷ്യം മുൻനിർത്തി ഹിന്ദുത്വ ഹെഗമണിയുടെ ബുദ്ധികേന്ദ്രങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പ് വിദഗ്ധമാണ്. എന്നാൽ അതിലും വിദഗ്ധമാണ് അതിലെ ഒഴിവാക്കലുകൾ. അത്തരം ഒന്നാണ് നെഹറുവിന്റെ ഒഴിവാക്കൽ. പണ്ഢിറ്റ് ജവഹർലാൽ നെഹ്രു അവരുടെ ഒരു പ്രഖ്യാപിത ശത്രുവാകുന്നത് അദ്ദേഹം അടിമുടി ഒരു ആധുനികനാകുന്നു എന്നതിനാലാണ്. പക്ഷേ അതിനവർ നിരത്തുന്ന കാരണം അത് മാത്രമാവില്ല. നെഹ്രു വിന്റെ സവർണ്ണ ജന്മം മുതൽ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ സംഘടനയിൽ അദ്ദേഹം സ്വേച്ഛാപ്രകാരമല്ലാതെ തുടങ്ങിവച്ച കുടുംബവാഴ്ച വരെ അവർ പ്രശ്നവല്ക്കരിക്കും. പക്ഷേ യഥാർത്ഥപ്രശ്നം, ഒരു ആധുനികനും സോഷ്യലിസ്റ്റുമായ അദ്ദേഹത്തിന് ഗാന്ധിയുടെ പോലും പ്രശ്നാധിഷ്ഠിത പിന്തുണ ഉണ്ടായിരുന്ന ഹിന്ദുത്വത്തിന്റെ പ്രാകൃത വിശ്വാസങ്ങളുടെ യുക്തികളുമായി ഒത്തുപോകാൻ സാമാന്യാർത്ഥത്തിൽ കഴിയുമായിരുന്നില്ല എന്നതാണ്. അതായത് മൊത്തത്തിൽ അയാളെ കോപ്റ്റ് (Co-opt) ചെയ്യുന്നത് അത്ര എളുപ്പമല്ല എന്നതും, അതിന് ചിലവാക്കുന്ന ഊർജ്ജത്തിന് പോന്ന ഒരു പ്രതിഫലം അയാളുടെ ജീവിതചരിത്രത്തിൽ നിന്നും നിലപാടുകളിൽ നിന്നും കണ്ടെടുക്കാൻ പ്രയാസമാകും എന്നതും തന്നെ.
എന്നാൽ പ്രയാസം എന്നല്ല, അസാദ്ധ്യം തന്നെയായ ചിലരെയും അത്ര എളുപ്പം ഫലപ്രദമാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെ അവർ തങ്ങളുടേതാക്കാൻ ശ്രമിക്കും. അതിന്റെ കാരണം വിജയിച്ചാൽ ഉണ്ടാവുന്ന നേട്ടത്തിന്റെ വലിപ്പം തന്നെ. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ ഹിന്ദുത്വ അധികാരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സവർണ്ണ ന്യൂനപക്ഷത്തിനാൽ അവർക്ക് വേണ്ടി രൂപപ്പെടുത്തപ്പെട്ട, ആത്യന്തികമായി തിരസ്കരണത്തിന്റെയും മാറ്റി നിർത്തലിന്റെയുമായ ഒരു സാമൂഹ്യ, സാംസ്കാരിക വ്യവസ്ഥയ്ക്ക് അതിനെ നേരിട്ട് പ്രതിനിധാനം ചെയ്യാനാവില്ല എന്നതാണ്. പിന്നോക്ക, ദളിത് ഹിന്ദുക്കളെ കൂടി ഉൾക്കൊണ്ടു കൊണ്ടല്ലാതെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അധികാര മോഹം പാർലമെന്ററി ജനാധിപത്യത്തിൽ സാക്ഷാത്കരിക്കപ്പെടില്ല. ഇത് പണ്ടേ തിരിച്ചറിഞ്ഞ ആളാണ് സവർക്കർ. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഹിന്ദുത്വ കേന്ദ്രീകരണത്തെ ജാതി വ്യവസ്ഥയിൽ നിന്ന് മാറ്റി ഹിന്ദുത്വദേശീയതയിൽ പ്രതിഷ്ഠിച്ചത്. ആചാരബദ്ധമായ സവർണ്ണ ഹിന്ദുത്വ മനസ്സിനെ ആ രാഷ്ട്രീയ അനിവാര്യത ബോദ്ധ്യപ്പെടുത്തുവാനുള്ള ഘട്ടം ഘട്ടമായ ശ്രമങ്ങൾക്ക് ഇന്ന് വിജയം കണ്ട് തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് അസാദ്ധ്യമെന്നറിഞ്ഞുകൊണ്ട് തന്നെ അവർ അംബേദ്‌കറിനെ ഹിന്ദുത്വവല്ക്കരിക്കാൻ ശ്രമിക്കുന്നത്. ദേശീയത വഴി അതിന്റെ ആധാരരേഖയായ ഭരണഘടനയുടെ ശില്പിയെന്ന നിലയിൽ അംബേദ്‌കറിനെയും ഹിന്ദുവാക്കാനാണ് ശ്രമം. അത് സാദ്ധ്യമാകുമോ ഇല്ലയോ എന്നതിലുപരി അങ്ങനെ ഒരു പ്രതീതി എങ്കിലും ജനിപ്പിക്കാനാകുമോ എന്നതിലേക്കാണ് അവരുടെ അന്വേഷണം.
അധിനിവേശത്തിന്റെ വഴികൾ
![]() |
ഹിന്ദുത്വഫാസിസം ഇന്ത്യൻ ജനാധിപത്യത്തെ അധിനിവേശിക്കാൻ ശ്രമിക്കുന്നത് പ്രധാനമായും രണ്ട് വഴികളിലൂടെയാണ്. അതിലൊന്ന് തീവ്രദേശീയതയുടെതാണ്. മറ്റേത് മുസ്ലീമിനെ അപരസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള ഹിന്ദുത്വ ഏകീകരണത്തിന്റെ വഴി. കൃത്യമായി തിരഞ്ഞെടുത്ത് തങ്ങൾക്കനുകൂലമായി വക്രീകരിച്ച വ്യക്തികളെയും ആശയങ്ങളെയും മുൻനിർത്തിയാണ് അവർ അത് സാധിച്ചെടുക്കുന്നത്. അതിനായി അവർ വേണ്ടിവന്നാൽ മുസ്ലീം സാമുദായിക സ്വത്വവാദത്തെ പോലും വൈരുദ്ധ്യാത്മകമായി ആദർശവല്ക്കരിക്കും. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും സമുദായ സ്നേഹമുണ്ട്, ഹിന്ദുക്കൾ അതില്ലാതെ മതേതരത്വം പറ ഞ്ഞുനടക്കുന്നതാണ് അവരുടെ പ്രശ്നങ്ങൾക്കൊക്കെ കാരണം എന്ന വ്യാജപ്രചരണം പ്രാദേശികതലത്തിൽ നടന്നുവരുന്നത് അറിയാത്ത ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഉണ്ടാവില്ല. അതായത് ഹിന്ദുത്വവാദികളുടെ പ്രധാന ശത്രു മുസ്ലീമും ക്രിസ്ത്യാനിയുമല്ല, അവരിൽ ഇല്ലെന്നും ഹിന്ദുക്കൾ പേറി നടക്കുന്നു എന്നും അവർ പ്രചരിപ്പിക്കുന്ന മതേതരത്വമാണ്. ഇതൊരു വ്യാജപ്രചരണമാണെന്ന് മനസിലാക്കാൻ ഗവേഷണമൊന്നും വേണ്ട. മതേതരത്വം ഒരു സമുദായത്തിന്റെ കുത്തകയൊന്നുമല്ല. പക്ഷേ ഭൂരിപക്ഷ സമുദായം മതേതരമാകുമ്പോൾ അവരെ ലക്ഷ്യം വച്ച് നിലനില്ക്കുന്ന സാമുദായിക രാഷ്ട്രീയത്തിന്റെ നിലനിൽപ്പ് താരതമ്യേനെ കൂടുതൽ പരുങ്ങലിലാവും. അതുകൊണ്ട് തന്നെയാണ് മതേതരത്വമെന്ന ആശയത്തെ ആദ്യം പ്രശ്നവല്ക്കരിച്ചത് ഹിന്ദുത്വവാദമാകുന്നതും. വ്യാജ മതേതരത്വം എന്ന പ്രയോഗം അദ്വാനിയുടെ സംഭാവനയാണ്. അതും കഴിഞ്ഞാണ് സ്വത്വവാദികളുടെ ഹിന്ദുത്വസെക്കുലറിസ വിമർശനവും, ഒടുവിൽ സെക്കുലർഹിംസയും ഒക്കെ മലയാളത്തിൽ വ്യാപക പ്രചാരത്തിലാവുന്നത്.
ചരിത്രത്തിന് അതിന്റേതായ, ഒരുപക്ഷേ പരിണാമയുക്തിയുടേതായ ഒരു തനത് നിർദ്ധാരണ പ്രക്രിയയുണ്ട്. അതിലൂടെയാണ് ആത്യന്തികമായി ജീവിതം അതിന്റെ ചലനാത്മകതയെ നിലനിർത്തുന്നതും. പക്ഷേ അതിന്റെ വേഗതയിലും ദിശയിലും പരിമിതമായ ചില ഇടപെടലുകൾ എങ്കിലും നടത്താൻ സംസ്കാരം എന്ന മനുഷ്യ നിർമ്മിതിക്ക് കഴിയും. അത്തരം ഇടപെടലുകൾ കേവല വൈകാരികതക്കും, കാല്പനികതക്കും അപ്പുറത്ത് നിന്നുകൊണ്ട് നിർമ്മിച്ച മൂല്യങ്ങളുടെ, യുക്തിയുടെ, ധനാത്മകമായി മുന്നോട്ട് നടത്താൻ തക്ക ആന്തരിക സത്തയില്ലാത്ത, വെറും റെട്ടറി ക് മാത്രമായി ചുരുങ്ങുന്ന പ്രശ്നവൽക്കരണങ്ങൾ പക്ഷേ മേല്പറഞ്ഞ തരം സാംസ്കാരിക സ്വാധീനത്തെ വിപരീതദിശയിലാക്കുന്നു. |
മതേതരത്വത്തിന്റെ ഇന്നത്തെ വിമർശകരിൽ ഹിന്ദുത്വ രാഷ്ട്രീയ ബുദ്ധിജീവികൾ എന്ന പോലെ പ്രബലമാണ് സ്വത്വരാഷ്ട്രീയ ബുദ്ധിജീവികളും. ഇതിൽ രണ്ടാമത്തെ വിഭാഗം മതേതരത്വത്തിനെ വിമർശിക്കുന്നത് ആദ്യത്തെ വിഭാഗത്തിന്റെ അതേ യുക്തി പദ്ധതി പിൻപറ്റിയല്ല എന്നത് പ്രകടമായ കാര്യമാണ്. പക്ഷേ ഭൂരിപക്ഷ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം അവരുടെ വിമർശനം സ്വന്തം പ്ലാറ്റ്ഫോമിനെ ഉറപ്പിച്ച് നിർത്തുന്നതിനൊപ്പം മറുപക്ഷത്ത് മറ്റൊരു വൻ പ്ലാറ്റ്ഫോ മിന് പരോക്ഷമായി തറക്കല്ലാവുകയും ആണ് ചെയ്യുന്നത് എന്ന കാര്യം സ്വത്വ രാഷ്ട്രീയ പ്ലാറ്റ്ഫോംവാദികൾ വേണ്ടത്ര മനസിലാക്കുന്നുണ്ടോ എന്നത് സംശയമാണ്; അതിന്റെ ഇരകൾ സ്വത്വ രാഷ്ട്രീയ ബുദ്ധിജീവികളല്ല, അത് അവരിൽ ഭൂരിപക്ഷം വരുന്ന, ഇനിയും വേണ്ടത്ര അക്ഷരാഭ്യാസം പോലും സിദ്ധിച്ചിട്ടില്ലത്ത അടിസ്ഥാനവർഗ്ഗമാവും എന്നതും. ബിജെപി, സംഘപരിവാർ, ഫ്രിഞ്ച് ഗ്രൂപ്പ് സഖ്യത്തിലൂടെ ഹിന്ദുത്വം ഹിംസാത്മകമായ പ്രഹരശേഷി ആർജ്ജിച്ചുകൊണ്ടിരിക്കുന്നു എന്നതും, അതിനെതിരേ രൂപപ്പെടുന്ന പ്രതിരോധങ്ങൾ ആന്തരിക വൈരുദ്ധ്യങ്ങളാൽ ശിഥിലമാക്കപ്പെടുന്നു എന്നതും അവർ തിരഞ്ഞെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അജണ്ടയുടെ വിജയവും ചെറുത്ത് നിൽപ്പുകളുടെ അപര്യാപ്തതയും അല്ലെങ്കിൽ പിന്നെ എന്താണ് സൂചിപ്പിക്കുന്നത്?
തിരഞ്ഞെടുപ്പിന്റെ യുക്തി
മേൽപറഞ്ഞതു പോലെ തീവ്രദേശീയതയിലൂടെയും മുസ്ലീം അപരവൽക്കരണത്തിലൂടെയും ആണ് ഹിന്ദുത്വ ഫാസിസം ഇന്ത്യൻ ജനാധിപത്യത്തെ അധിനിവേശിക്കാൻ ശ്രമിക്കുന്നത് എന്നതുകൊണ്ട് തന്നെ അതിനായി ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയുമൊക്കെ ചരിത്രത്തിൽ നിന്ന് അവർ നടത്തുന്ന തിരഞ്ഞെടുപ്പുകളിലും ഈ രണ്ട് ഘടകങ്ങൾ മുഖ്യസ്വാധീനങ്ങളാകുന്നത് കാണാം. പാകിസ്ഥാൻ എന്ന ഒരു നിത്യ ശത്രുവിനെ മറുപക്ഷത്ത് സദാ ഉയർത്തിക്കാട്ടിക്കൊണ്ട് അവർ നിർമ്മിച്ചെടുക്കുന്ന ദേശീയതയിലെ തീവ്രവൈകാരികതയുടെ ഉപപാഠമാകുക എന്ന ലക്ഷ്യത്തിലേക്കാണ് ഭഗത് സിംഗിനെ പോലെയുള്ള ധീര പോരാളികളുടെ രക്തസാക്ഷിത്വം വകയിരുത്തപ്പെടുന്നതെങ്കിൽ സർദാർ വല്ലഭായി പട്ടേലിനെ പോലെയുള്ളവരെ കോപ്റ്റ് ചെയ്യുന്നത് മുസ്ലീം അപരവൽക്കരണത്തിന്റേതായ രണ്ടാം വഴിക്ക് തുണയായിട്ടാണ്. അംബേദ്ക റിനെ കാവി പൂശിയെടുക്കുക എന്ന ഏതാണ്ട് അസാദ്ധ്യമായ ഉദ്യമത്തിൽ ഒരു കൈത്താങ്ങ് എന്ന നിലയിൽ ആണ് ആർ ശങ്കർ തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ഏകെജി തൊട്ട് എസ് ആർ പി വരെയുള്ളവരുടെ തിരഞ്ഞെടുപ്പിനു പിന്നിൽ എന്ത് കമ്യൂണിസം പറഞ്ഞാലും ഹിന്ദു സത്താപരമായി സംഘപരിവാരി തന്നെ ആയിരിക്കും എന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം ഇത് നമുക്ക് ഒന്നൊന്നായി പരിശോധിക്കാം. ആദ്യം ഭഗത് സിംഗ് തന്നെയാവട്ടെ.
![]() |
ആശയപരമായി സോഷ്യലിസ്റ്റും രീതിശാസ്ത്രബന്ധിയായി വിപ്ലവകാരിയും ആയിരുന്ന ഭഗത് സിങ്ങിനെ ഹിന്ദുത്വവുമായി കൂട്ടിക്കെട്ടാൻ അദ്ദേഹത്തിന്റെ അപ്പൂപ്പൻ പണ്ട് ആര്യസമാജവുമായി സഹകരിച്ചിരുന്നു എന്ന തരം ന്യായങ്ങൾ മാത്രമേ ഉള്ളു. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും, തൂക്കുമരം ഏറുമ്പോഴും സിങ്ങ് വിളിച്ച മുദ്രാവാക്യം ഭാരത് മാതാ കീ ജയ് എന്നായിരുന്നില്ല; ഇങ്ക്വിലാബ് സിന്ദാബാദ് എന്നായിരുന്നു. ചാതുർവർണ്യ പ്രോക്തമായ അയിത്തം, തീണ്ടികൂടായ്മ തുടങ്ങിയ മനോഹര ആചാരങ്ങൾ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ചോദ്യം ചെയ്യപ്പെടുന്നത് ചെറുക്കാനല്ല അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്, മറിച്ച് പരാന്നഭോജികളുടെ പാർലമെന്ററി വ്യവസ്ഥയെ അട്ടിമറിച്ച് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കുവാൻ വേണ്ടി ആയിരുന്നു. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന എച് ആർ എയെ മാർക്സിസ്റ്റ് ആശയങ്ങളിലേക്ക് വികസിപ്പിക്കുകയും അതിലൂടെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസോസിയേഷൻ എന്ന് അതിനെ പുനർനാമകരണം ചെയ്യുകയും വരെ ചെയ്ത ഭഗത് സിങ്ങിന്റെ സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹത്തെ ഹിന്ദുത്വവുമായി കൂട്ടി കെട്ടാൻ പോന്ന ദുർബലമായ കണ്ണികൾ പോലും ഉണ്ടായിരുന്നില്ല.
ഗാന്ധി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ്സിലെ ഭൂരിപക്ഷവും ഭഗത് സിങ്ങിന്റെ ആശയങ്ങളെയും പ്രവർത്തികളെയും അംഗീകരിച്ചിരുന്നില്ല എന്ന് മാത്രമല്ല, പരസ്യമായി അപലപിക്കുകയും ചെയ്തിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. എന്നാൽ അദ്ദേഹത്തെ അന്ന് പ്രശ്നാധിഷ്ഠിതമായെങ്കിലും പിന്തുണച്ചിരുന്ന രണ്ട് പ്രമുഖ നേതാക്കൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് അടിമുടി ആധുനികനും സോഷ്യലിസ്റ്റും, ഗോവധ നിരോധനം പോലെയുള്ള ഹിന്ദുത്വ അജണ്ടകളെ അന്നേ പരസ്യമായി എതിർത്തിരുന്നവനും ആയ നെഹ്റു. മറ്റൊന്ന് ആധുനികനും യുക്തിവാദിയും ആയിരിക്കുമ്പോൾ തന്നെ മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച ജിന്ന. ഇതിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ്. സമീപകാല ചരിത്രത്തെ, അതിലെ അനായാസേന ലഭ്യമായ രേഖകളെ ഉൾപ്പെടെ വക്രീകരിച്ചാലെ അടിമുടി ചുവന്നിരിക്കുന്ന ഭഗത് സിങ്ങിനെ കാവിയാക്കി മാറ്റാനാവു.
ഉരുക്കുമനുഷ്യൻ
സർദാർ വല്ലഭായി പട്ടേൽ എന്ന കോണ്‍ഗ്രസ്സുകാരനായിരുന്ന ഇന്ത്യൻ ദേശിയതയുടെ ഉരുക്ക് മനുഷ്യനെ അവർ തിരഞ്ഞെടുക്കുന്നതിന് കാരണം മുസ്ലീം വിരോധം ആരോപിച്ച് പരക്കെ വിമർശിക്കപ്പെട്ടിരുന്ന ഒരു പശ്ചാത്തലം വിഭജനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് തന്നെയാണ്. അതായത് സ്വാതന്ത്രാനന്തര ഇന്ത്യയുടെ സാംസ്കാരിക ലോകത്ത് മുസ്ലീം വിരുദ്ധത വിമർശിക്കപ്പെടേണ്ടുന്ന ഒന്നായി പരിഗണിക്കപ്പെട്ടിരുന്നു എങ്കിൽ ഇന്ന് അത് സ്വത്വപരമായ ധ്രുവീകരണത്തിന് ഉപയോഗിക്കാവുന്ന ഏറ്റവും സൃഷ്ടിപരവും, ആദരണീയവുമായ ഒരു പണിയുപകരണമായി മാറി എന്ന്!
![]() |
ധീരവും ധന്യവുമായ വല്ലഭായി പട്ടേലിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്താൻ പോന്ന ഏക സാന്നിദ്ധ്യമാണ് അദ്ദേഹത്തിൽ ആരോപിക്കാവുന്ന മുസ്ലീം വിരുദ്ധത. പ്രബലമായ ഒരു പട്ടേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം സൂക്ഷ്മതലത്തിൽ വൈരുദ്ധ്യങ്ങൾ നിലനില്ക്കുമ്പോഴും സ്ഥൂലമായ വായനയിൽ ജാതി വിവേചനത്തിനും ലിംഗ വിവേചനത്തിനും എതിരായി നിലപാടെടുത്ത ഒരു സാമൂഹ്യ പരിഷ്കർത്താവ് കൂടി ആയിരുന്നു എന്ന് കാണാനാവും. ഗാന്ധിജിയുടെ ഒരു സന്തത സഹചാരി ആയിരിക്കുമ്പോഴും ആശയപരമായി അദ്ദേഹത്തിന് ഗാന്ധിജിയുമായും വിയോജിപ്പുകൾ ഉണ്ടായിരുന്നു. അതായത് രേഖീയമായി വ്യാഖ്യാനിച്ച് രണ്ടിലൊന്നായി കണക്കാക്കാവുന്ന ഒന്നായിരുന്നില്ല അദ്ദേഹത്തിന്റെ സാംസ്കാരിക ജീവിതം.
എന്നാൽ മുഹമ്മദ് അലി ജിന്നയുമായി ‘ഡയറക്റ്റ് ആക്ഷൻ ഡേ’ കാമ്പെയിൻ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ കടുത്ത വിയോജിപ്പ് ഉണ്ടായിരുന്ന പട്ടേൽ വിഭജനാനന്തരം ഇന്ത്യയിൽ തുടരാനാഗ്രഹിക്കുന്ന മുസ്ലീങ്ങൾക്ക് ഇന്ത്യ സംരക്ഷണം നല്കണം എന്ന നെഹ്‌റുവിന്റെ നിലപാടിനോട് വിയോജിക്കുകയും പകരം അവരുടെ സുരക്ഷ അവരുടെ സ്വന്തം ഉത്തരവാദിത്തമാണെന്ന നിലപാടെടുക്കുകയുമാണ് ഉണ്ടായത്. വിഭജനത്തെ തുടർന്ന് ദില്ലി വിട്ട് പാകിസ്ഥാനിലേക്ക് പോയ മുസ്ലീങ്ങൾ ഉപേക്ഷിച്ച വീടുകൾ പല കാരണങ്ങളാൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട് ആഭ്യന്തര അഭയാർത്ഥികളായി തീർന്ന ഇന്ത്യൻ മുസ്ലീങ്ങൾക്ക് നല്കണം എന്ന് നെഹ്റുവിനെ പോലുള്ളവർ വാദിച്ചപ്പോൾ പട്ടേൽ അതിനെ എതിർത്തത് ഒരു മതേതര രാജ്യത്തിനും സ്വന്തം പൗരന്മാരോട് ഇങ്ങനെ വിവേചനം കാണിക്കാൻ കഴിയില്ല എന്ന് തിരിച്ചടിചുകൊണ്ടായിരുന്നു. പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളെയും പാകിസ്ഥാന്റെ ഭാഗമാക്കണം എന്ന ജിന്നയുടെ വാദത്തെ എതിർത്ത് തോല്പിച്ച പട്ടേൽ, മതാധിഷ്ഠിതമായ ഒരു സമ്പൂർണ്ണ വിഭജനത്തിനോട് കാണിക്കുന്ന ആഭിമുഖ്യത്തിന്റെ പേരിൽ നെഹറുവിന്റെയും മറ്റ് മതനിരപേക്ഷ, മുസ്ലീം നേതാക്കളുടെയും വിമർശനത്തിന് പാത്രമായെങ്കിൽ അതിന്റെ പേരിൽ തന്നെ അദ്ദേഹത്തിന് അന്നത്തെ ഹിന്ദു പൊതുസമൂഹത്തിലെ ഒരു വൻവിഭാഗത്തിന്റെ വീരപുരുഷനാകാനും കഴിഞ്ഞു.
പട്ടേലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഈ 'ഉരുക്ക്'ഘട്ടമാണ് അദ്ദേഹത്തെ ഇന്ന് ബിജെപിയുടെ ഹിന്ദു ഐക്യനിർമ്മിതിയുടെ, ഹിന്ദു രാഷ്ട്ര നിർമ്മാണത്തിന്റെ ഐക്കണുകളിൽ ഒന്നാക്കി മാറ്റുന്നത്. അതുകൊണ്ട് പട്ടേലിനെ തിരഞ്ഞെടുത്തതിന് പിന്നിലെ യുക്തി മറ്റ് പല തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് താരതമ്യേനെ ഋജുവും സുതാര്യവുമാണെന്ന് പറയാം. ഇതിനർത്ഥം സർദാർ വല്ലഭായി പട്ടേൽ കറകളഞ്ഞ ഒരു ഹിന്ദുത്വവാദി ആയിരുന്നു എന്നല്ല. ഗാന്ധിവധാനന്തരം ആർ. എസ്. എസിനെ നിരോധിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്ത ആൾ കൂടിയാണ് പട്ടേൽ എന്നോർക്കുക. ഒരുതരത്തിലും കൂടെ കൂട്ടാൻ പറ്റാത്ത ഭഗത് സിംഗിനെ പോലെയുള്ളവരെ പോലും ഒടിച്ച് മടക്കി ഹിന്ദുത്വ ചട്ടക്കൂടിനുള്ളിലാക്കിയ മസ്തിഷ്കങ്ങളെ സംബന്ധിച്ചിടത്തോളം പട്ടേലിനെ കാവി ഉടുപ്പിക്കുക നിസ്സാര പണി ആയിരുന്നു എന്നു മാത്രമാണ് ചൂണ്ടിക്കാണിക്കുന്നത്.
നവോത്ഥാനത്തിലും കാവി!
ചരിത്രപുരുഷന്മാരും യുഗപ്രഭാവന്മാരുമായ വ്യക്തികളുടെ സങ്കീർണ്ണവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ ജൈവപരിണാമങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ ജീവിതങ്ങളിൽ നിന്ന് അത്തരം വിശദാംശങ്ങൾ ഒക്കെ ഉപേക്ഷിച്ച് തങ്ങൾക്ക് ആവശ്യമുള്ളത് മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിച്ച് ഒപ്പിക്കുക എന്ന പരിപാടി സംഘപരിവാർ ബുദ്ധിജീവികൾ വ്യക്തികളിലേക്ക് മാത്രമായി ചുരുക്കുന്നില്ല. ചരിത്രപുരുഷന്മാരുടെ വ്യക്തിജീവിതങ്ങളെ തങ്ങൾക്ക് വേണ്ടും വിധം വ്യാഖ്യാനിച്ച് തൻപക്ഷമാക്കുക എന്ന തന്ത്രം ഉപയോഗിച്ച് ചരിത്ര ഘട്ടങ്ങളെ അപ്പാടെ കാവിവല്ക്കരിക്കുക എന്ന തന്ത്രവും അവർ പയറ്റുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേരളീയ നവോത്ഥാനത്തെ ഒരു ഹിന്ദുത്വ നവോത്ഥാനമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ. അതിന്റെ ഭാഗമായാണ് അവർ നാരായണഗുരു മുതൽ എകെജി വരെയുള്ളവരിലേക്ക് തിരിയുന്നത്.
![]() |
1904ൽ ജനിച്ച എ കെ ഗോപാലാൻ ഒരു കോണ്‍ഗ്രസ്സ് പ്രവർത്തകനാകുന്നത് തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ്. ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് 1930ൽ ജയിലിൽ ആകുംവരെയുള്ള മൂന്നുവർഷം അദ്ദേഹം ഹരിജന ക്ഷേമം ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. തുടർന്ന് ജയിൽ വാസത്തിനിടയിലാണ് അദ്ദേഹം സോഷ്യലിസ്റ്റ് ആശയധാരയുമായി പരിചയപ്പെടുകയും പിന്നീട് ജയപ്രകാശ് നാരായണനൊക്കെ ഉൾപ്പെടുന്ന, 1934ൽ രൂപപ്പെടുന്ന കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗമാകുന്നതും. 1920 മുതൽ പല ചെറുഗ്രൂപ്പുകളായി നിലനിന്നിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുമായും കോണ്‍ഗ്രസ്സുമായും ഒരുപോലെ വേറിട്ടതായിരുന്നു സി എസ് പി നേതൃത്വം. എന്നാൽ അതിൽ നിന്നും വിട്ട് എ കെ ജി ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തുകയും ആദ്യ പാർലമെന്റിലെ പ്രതിപക്ഷനേതാവാകുകയും ചെയ്തു. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സിപിഐയും സിപിഐഎമ്മുമായി പിളരുമ്പോൾ മുതൽ 1977ൽ അന്തരിക്കുന്നതുവരെയും സിപിഎമ്മിന്റെ ഭാഗമായി തുടരുകയും ചെയ്തു എന്നതാണ് ചരിത്രപരമായ വസ്തുത. ഇതിനിടയിൽ ജനപക്ഷത്ത് നിന്ന് അദ്ദേഹം നയിച്ച നിരവധി സമരങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂർ സത്യാഗ്രഹം. അത് തന്നെയും ബ്രാഹ്മണിക്ക് ഹിന്ദുത്വത്തിനും അതിന്റെ ആധാരമായ ജാതിവ്യവസ്ഥയ്ക്കും എതിരായ ഒരു സമരവുമായിരുന്നു.
ഈ ചരിത്രത്തിൽ നിന്ന് എ കെ ജി എന്ന കമ്യൂണിസ്റ്റിനെയും ഗുരുവായൂർ സത്യഗ്രഹമെന്ന ഹിന്ദുത്വത്തോടുള്ള പ്രതിഷേധസമരത്തെയും ഒഴിവാക്കി ഗോപാലൻ എന്ന നമ്പ്യാരെയും, ഗുരുവായൂർ എന്ന ക്ഷേത്രത്തെയും മാത്രം കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് എ കെ ജിയെയും ഗുരുവായൂർ സത്യാഗ്രഹത്തെയും ഒരുമിച്ച് സംഘപരിവാർ ഇന്ന് കാവിനിക്കർ അണിയിപ്പിക്കുന്നത്!
മന്നം, ശങ്കർ, എൻ ഡി പി, എസ് ആർ പി വഴി നമ്പൂതിരി നായാടി സഖ്യം
മുമ്പ് സൂചിപ്പിച്ചത് പോലെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതും രേഖീയമായ വർഗീകരണങ്ങൾക്ക് വഴങ്ങാത്തതുമായ വ്യക്തിത്വങ്ങളാണ് മന്നത്ത് പദ്മനാഭനും ആർ ശങ്കറും ഒക്കെ. ഈഴവർക്കെതിരെ ജാതീയവെറി നിറഞ്ഞ പ്രസംഗം നടത്തിയ മന്നം തന്നെയാണ് വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതും തൊട്ടുകൂടായ്മയ്ക്കെതിരെ നിലപാടെടുത്തതും വിപ്ലവകരമായ ജാതിവാൽ മുറിക്കൽ നടപ്പിലാക്കിയതും. ഈ പ്രവർത്തികളിലൂടെ അയാളിലെ വരേണ്യബോധം ഉന്മൂലനം ചെയ്യപ്പെട്ടതായി ധരിക്കാമോ എന്നത് ഒരു പത്തര മാറ്റ് ചോദ്യമാണ്. ഇല്ല എന്നത് തന്നെയാണ് ഉത്തരം. മന്നത്തിന്റെ പുരോഗമനവാദത്തിൽ ഉള്ളടക്കത്തിലുപരി പ്രകടനമായിരുന്നു എന്ന വായനയെ അത്ര എളുപ്പം അങ്ങ് റദ്ദ് ചെയ്യാനും പറ്റില്ല.
![]() |
ഏതാണ്ട് അതൊക്കെ തന്നെയായിരുന്നു ദാർശനികൻ എന്ന നിലയിൽ ശങ്കർ കയ്യാളുന്ന പുരോഗമനവാദത്തിന്റെ ഉള്ളടക്കവും. ഹിന്ദു ഐക്യത്തിന്റെ രാഷ്ട്രീയസാദ്ധ്യതകൾ തിരിച്ചറിയുകയും ആ മേഖലയിൽ പ്രശ്നാധിഷ്ഠിതമായ പങ്ക് കച്ചവടങ്ങൾക്ക് നേതൃത്വം വഹിക്കാൻ മടിയുമില്ലാത്ത രണ്ട് സമുദായ നേതാക്കളായിരുന്നു മന്നവും ശങ്കറും. അവർ ചേർന്ന് എഴുപതുകളിൽ രൂപം കൊടുത്ത ഹിന്ദു മഹാമണ്ഡലം തന്നെ അതിന് ഒരു തെളിവ്. അധികാര താല്പര്യങ്ങൾക്കായി എളുപ്പം ഉപയോഗിക്കാവുന്ന കേവല ഉപകരണങ്ങൾ മാത്രമാണ് സാമുദായിക സ്വത്വങ്ങൾ എന്ന് പണ്ടേ മനസിലാക്കിയവർ എന്ന നിലയിൽ ഈ ദ്വന്ദ്വമാണ് ഇന്നത്തെ സ്വത്വരാഷ്ട്രീയ വാദത്തിന്റെ പൂർവ്വരൂപങ്ങൾ എന്ന് പറയാം. നിവർത്തന പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന 1930കളിൽ ആണ് അന്ന് അൻപതുകളിലെത്തിയ മന്നം സമുദായം വിട്ട് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടക്കുന്നത്. ആ കാലഘട്ടത്തിൽ തന്നെയാണ് ചെറുപ്പക്കാരനായ ശങ്കറും രാഷ്ട്രീയ പ്രവേശം നടത്തുന്നത്. പത്ത് വർഷം കഴിഞ്ഞ് എസ് എൻ ഡി പി പിടിച്ചടക്കാനായി കോണ്‍ഗ്രസ്സാൽ നിയോഗിക്കപ്പെട്ട ശങ്കർ നിയോഗം മറന്ന് ദിവാനുമായി സഖ്യം ചെയ്യുകയും അതുവഴി സമുദായസംഘടനയ്ക്ക് നിരവധി ആസ്തികൾ സമ്പാദിക്കുകയും ചെയ്തു. അതുതന്നെയാണ് വെള്ളാപ്പള്ളി ഇന്ന് ശരിയായി തന്നെ അനുസ്മരിക്കുന്നതും. ശങ്കർ ഉണ്ടാക്കിയ ആസ്തികൾ തന്നെയാവണം അദ്ദേഹത്തെ അബ്കാരി വ്യവസായത്തിൽ നിന്ന് സമുദായരാഷ്ട്രീയ വ്യവസായത്തിലേക്ക് ആകർഷിച്ചതും അതിനെ ഏറ്റെടുക്കാൻ നിർബന്ധിതനാക്കിയതും.
മുപ്പതുകളുടെ ഒടുക്കം മുറിവേറ്റ ദിവാൻ നാടുവിട്ടോടിയപ്പോൾ ശങ്കറും കോണ്‍ഗ്രസ്സിൽ മടങ്ങിയെത്തി. 48ൽ മന്നത്തിനൊപ്പം തിരഞ്ഞെടുപ്പ് ജയിച്ച ശങ്കറും മന്ത്രിസഭയിൽ സ്ഥാനം ഒന്നും നേടിയില്ലെങ്കിലും ദേവസ്വം ബോർഡിൽ സ്ഥാനം നേടി. അഴിമതി ആരോപണങ്ങളെ തുടർന്ന് ആ സ്ഥാനവും നഷ്ടപ്പെട്ടതോടെയാണ് തുല്യ ദുഖിതരായ ഇവരിലൂടെ വിഖ്യാതമായ നായർ ഈഴവ സഖ്യം, സമുദായതലത്തിൽ ഹിന്ദു മഹാമണ്ഡലത്തിനും രാഷ്ട്രീയ തലത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കും തിരുപ്പിറവി ഒരുക്കിയത്. അതിന്റെ യുക്തി തന്നെ കോണ്ഗ്രസ് ക്രിസ്ത്യാനി പാർട്ടിയായി എന്നും അതിൽ നിന്ന് ഹിന്ദുവിന് തുല്യനീതി പ്രതീക്ഷിക്കാനാവില്ലെന്നും ഉള്ള സ്വത്വവാദം തന്നെയായിരുന്നു. അതായത് പട്ടേൽ ദേശീയ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ നിന്നും മുസ്ലീം അപരവൽക്കരണത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ബിംബമെന്ന നിലയിലായിരുന്നു കണ്ടെടുക്കപ്പെട്ടതെങ്കിൽ ശങ്കർ ക്രിസ്ത്യൻ അപരവൽക്കരണത്തിന്റെയും, അതിലൂടെയുള്ള ഹിന്ദുത്വ ഏകീകരണത്തിന്റെയും സമുദായ രാഷ്ട്രീയ പരീക്ഷണ സമവാക്യങ്ങളുടെ പിതാവ് എന്ന നിലയിലാണ് സംഘപരിവാരത്തിന് ഉപകരണമാകുന്നത്.
വ്യാജ ചരിത്രത്തിന്റെ നിർമ്മിതിയായ വ്യാജസമൂഹവും, അതിന്റെ തിരഞ്ഞെടുപ്പും
ജനാധിപത്യം എന്നതിന്റെ ഏറ്റവും ലളിതമായ നിർവചനം ജനങ്ങളുടെ ആധിപത്യമെന്നായിരിക്കും. പക്ഷേ പ്രശ്നം ജനങ്ങളുടെതായതുകൊണ്ട് ആധിപത്യ അധികാരത്തിന്റെ സ്വഭാവം ധനാത്മകമായി പരിവർത്തിക്കപ്പെടുന്നില്ല എന്നതാണ്. നടക്കുന്നത് കേവലമായ ഒരു കൈമാറ്റം പോലുമല്ല, അതിന്റെ വെറും പ്രതിനിധാനം മാത്രമാണ്. എന്നാൽ അതിന്റെ ആശയപരമായ കാല്പനിക പശ്ചാത്തലത്തിൽ ഇനിയും ഗോത്രസ്വഭാവം കൈവിട്ടിട്ടില്ലാത്ത ഒരു 'പൊതുജന സമൂഹം'പൊടുന്നനെ പ്രബുദ്ധരും, സ്വയം പ്രതിരോധ ശേഷി ആർജ്ജിച്ചവരുമായി ആദർശവൽക്കരിക്കപ്പെടുന്നു. ആ നിലയ്ക്ക് അവരുടെ തിരഞ്ഞെടുപ്പുകളും ആദർശവൽക്കരിക്കപ്പെടേണ്ടി വരുന്നു. വിമർശനങ്ങൾ മൂല കാരണത്തിൽ നിന്ന് മാറി യൂഫിമിസങ്ങളിലൂടെ ആവിഷ്കരിക്കപ്പെടേണ്ടി വരുന്നു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ വിശകലനം തന്നെ കൈവിട്ട് പോകുന്നത്.
ചരിത്രത്തിന് അതിന്റേതായ, ഒരുപക്ഷേ പരിണാമയുക്തിയുടേതായ ഒരു തനത് നിർദ്ധാരണ പ്രക്രിയയുണ്ട്. അതിലൂടെയാണ് ആത്യന്തികമായി ജീവിതം അതിന്റെ ചലനാത്മകതയെ നിലനിർത്തുന്നതും. പക്ഷേ അതിന്റെ വേഗതയിലും ദിശയിലും പരിമിതമായ ചില ഇടപെടലുകൾ എങ്കിലും നടത്താൻ സംസ്കാരം എന്ന മനുഷ്യ നിർമ്മിതിക്ക് കഴിയും. അത്തരം ഇടപെടലുകൾ കേവല വൈകാരികതക്കും, കാല്പനികതക്കും അപ്പുറത്ത് നിന്നുകൊണ്ട് നിർമ്മിച്ച മൂല്യങ്ങളുടെ, യുക്തിയുടെ, ധനാത്മകമായി മുന്നോട്ട് നടത്താൻ തക്ക ആന്തരിക സത്തയില്ലാത്ത, വെറും റെട്ടറി ക് മാത്രമായി ചുരുങ്ങുന്ന പ്രശ്നവൽക്കരണങ്ങൾ പക്ഷേ മേല്പറഞ്ഞ തരം സാംസ്കാരിക സ്വാധീനത്തെ വിപരീതദിശയിലാക്കുന്നു. വ്യാജ പ്രതിനിധാനങ്ങളിലൂടെ നഷ്ടമാക്കിയ മൂല്യങ്ങളെ വീണ്ടെടുത്ത് കൊണ്ട് മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ. അതായത് ആദ്യം പിന്നോട്ട് പോയ ദൂരം മുന്നോട്ട് വരണം. എന്നിട്ട് വേണം ഇനി എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കാൻ.
ഇവിടെയാണ് പ്രശ്നത്തിന്റെ വിവരണം പരിഹാര നിർദ്ദേശത്തെക്കാൾ പ്രധാനമാകുന്നത്. എന്താണ് പ്രശ്നമെന്നറിയാതെ എന്ത് പരിഹാരം? അതറിയാതെ പോകുന്നിടത്തുനിന്നാണ് കേരളം റിവേഴ്സ് ഗിയറിലാണ് എന്ന നിരീക്ഷണം അനിവാര്യമാകുന്നത്. അതിനെ വെറും അമ്മാവൻ സിൻഡ്രോം ആയും വ്യാഖ്യാനിക്കാം. അതുകൊണ്ട് കാര്യമില്ല എന്ന് മാത്രം.